കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് പണം അടച്ച് ഏറ്റെടുക്കുന്നതിനെതിരെ സിപിഐ പരസ്യമായി രംഗത്ത്.സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസൺ മലയാളം അടക്കമുള്ള കമ്പനികളെ ഈ തീരുമാനം സഹായിക്കുമെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശിധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് ശേഷം എതിര്‍പ്പ് മുന്നണിയെ ഔദ്യോഗികമായി അറിയിക്കാനാണ് സിപിഐയുടെ നീക്കം.
ചെറുവള്ളി എസ്റ്റേറ്റ് കൂടാതെ ഹാരിസണും മറ്റ് കമ്പനികളും കൈവശം വച്ചിരുന്ന ഭൂമി സര്‍ക്കാരിന്‍റേതാണെന്ന് റവന്യൂ മന്ത്രി ഒരു വശത്ത് ആവര്‍ത്തിച്ച് പറയുന്നു. തര്‍ക്ക ഭൂമികള്‍ ഏറ്റെടുക്കാൻ ജില്ലകള്‍ തോറും സിവിൽ കേസുകള്‍ റവന്യൂ വകുപ്പ് നല്‍കുന്നു. അതേസമയം തന്നെ ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പണം അടച്ച് ഏറ്റെടുക്കുന്നു. ഇത് തര്‍ക്കഭൂമികള്‍ സര്‍ക്കാരിന്‍റേതാണെന്ന അവകാശവാദത്തെ ദുര്‍ബലമാക്കുമെന്നാണ് സിപിഐയുടെ വാദം. പണം അടച്ച് ഏറ്റെടുത്താല്‍ മറ്റ് തര്‍ക്കഭൂമികളുടെ കാര്യത്തില്‍ എതിര്‍കക്ഷികളായ കമ്പനികള്‍ കോടതിയില്‍ അത് അനുകൂലമാക്കി മാറ്റും.
''സർക്കാരിന്‍റെ ഭൂമിക്ക് കോടതിയിൽ പണം കെട്ടി വച്ച്, അത് നമ്മൾ കൈവശപ്പെടുത്തുന്ന സാഹചര്യം വന്നാൽ ഹാരിസൺ മലയാളം പോലുള്ള കുത്തക കമ്പനികൾക്ക് അവരുടെ വാദം ശക്തിപ്പെടുത്താൻ വഴി വയ്ക്കും. ഇത് സർക്കാർ വാദം ദുർബലപ്പെടുത്തുകയും ചെയ്യും'', സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരൻ പറയുന്നു.
ജില്ലാ ഘടകത്തിന് ഇക്കാര്യത്തിലുള്ള പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പണം അടച്ച് ഏറ്റെടുത്താല്‍ പ്രാദേശിക എതിര്‍പ്പ് ഉയരുമെന്നും സിപിഐ ജില്ലാ നേതൃത്വം പറയുന്നു.
നേരത്തെ വിഎം സുധീരനടക്കമുള്ള യുഡിഎഫും നേതാക്കളും സമാന ആശങ്കയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്ന രീതിയെക്കുറിച്ച് ഉന്നയിച്ചത്. വിമാനത്താവള പദ്ധതി നടപ്പാക്കാനിരിക്കെ ചെറുവള്ളി എസ്റ്റേറ്റിന്‍റെ കാര്യത്തില്‍ സിവിൽ കേസ് നല്‍കുന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. കേസ് വന്നാല്‍ പദ്ധതി നടപ്പിനെ ബാധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ നിയമവകുപ്പുമായി ആലോചിച്ചേ മുന്നോട്ട് നീങ്ങൂവെന്ന് കോട്ടയം കളക്ടര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam