എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസ്; പരാതി നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച്

By Web TeamFirst Published May 9, 2021, 5:23 PM IST
Highlights

പ്രഭാത സവാരിക്കായി ഔദ്യോഗിക വാഹനത്തിൽ കനകുന്നിലെത്തിയ ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവർ ഗവാസ്ക്കറിനെ മർദ്ദിച്ചുവെന്നാണ് കേസ്.

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിൻ്റെ മകള്‍ പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്ന പരാതി നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച്. ഉന്നത ഉദ്യോഗസ്ഥൻ്റെ മകള്‍ക്കെതിരെ കുറ്റപത്രം നൽകണോയെന്ന് പൊലീസ് മേധാവി തീരുമാനിക്കണമെന്ന് വസ്തുതാ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. സംഭവം നടന്ന മൂന്ന് വർ‍ഷമാകുമ്പോഴാണ് വസ്തുത റിപ്പോർട്ട് ക്രൈംബ്രാഞ്ചിൽ നിന്നും ഡിജിപി വാങ്ങിയത്.

അടുത്ത പൊലീസ് മേധാവിക്കായി ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ക്രൈംബ്രാഞ്ചിൻ്റെ നീക്കം. പൊലീസ് മേധാവിയായി പരിഗണനയിലുള്ള വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനും ഡിജിപി ടോമിൻ തച്ചങ്കരിയക്കുമായി സേനയിൽ ശീതയുദ്ധം മുറുകുമ്പോഴാണ് ക്രൈംബ്രാഞ്ചിൻ്റെ നിർണായക നീക്കം. സുദേഷിൻ്റെ മകൾക്കെതിരായ കേസ് അവാസിപ്പിക്കാൻ നീക്കം നടക്കുന്നതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

പ്രഭാത സവാരിക്കായി ഔദ്യോഗിക വാഹനത്തിൽ കനകുന്നിലെത്തിയ ഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവർ ഗവാസ്ക്കറിനെ മർദ്ദിച്ചുവെന്നാണ് കേസ്. ഈ കേസിൻ്റെ അന്തിമറിപ്പോർട്ടാണ് ഡിജിപി ആവശ്യപ്പെട്ടത്. പൊലീസ് ഡ്രൈവറുടെ പരാതി നിലനിൽക്കുമെന്നാണ് നിയമോപദേശമെന്ന് ക്രൈംബ്രാഞ്ച് ഡിജിപിയെ അറിയിച്ചു. പൊലീസ് ഡ്രൈവർ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് സുധേഷ് കുമാറിൻ്റെ മകളും പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. 

ഔദ്യോഗിക കാർ ചട്ടം ലംഘിച്ച് സ്വകാര്യ യാത്രക്ക് അനുവദിച്ചതുൾപ്പെടെ കുറ്റപത്രത്തിൽ സുധേഷ് കുമാറിൻ്റെ പേരും പരാമശിക്കേണ്ടിവരും. അതിനാൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ മകൾക്കെതിരായ കേസിൽ കുറ്റപത്രം നൽകുന്ന കാര്യം ഡിജിപിക്ക് തീരുമാനിക്കാമെന്നാണ് ക്രൈംബ്ര‍ാഞ്ച് റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കാരണം സുധേഷ് കുമാറിൻ്റെ മകള്‍ക്കെതിരായ കേസിൽ അന്തിമ റിപ്പോ‍ട്ട് കോടതിയിൽ നൽകാൻ കഴിയാതിരിക്കെയാണ് ക്രൈംബ്രാഞ്ചിൻ്റെ ബുദ്ധിപരമായ നീക്കം. ഇനി ഡിജിപിയുടെ തീരുമാനം നിർണായകം.

click me!