
കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിപിഎം നേതാക്കളെ കുറ്റമുക്തരാക്കികൊണ്ടുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചു. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനും വിപിപി മുസ്തഫയ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റേയും മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കിയത്.
കൊലപാതകത്തിൽ സിപിഎമ്മിന്‍റെ ഉന്നത നേതാക്കൾക്ക് പങ്കില്ല. സിപിഎം ജില്ലാ നേതാവ് വിപിപി മുസ്തഫയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഒന്നാംപ്രതി പീതാംബരന്റെ വ്യക്തിവിരോധമാണ് പെരിയയിലെ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
പീതാംബരനടക്കം പതിനാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സജി സി ജോർജ്, സുരേഷ്, അനിൽ കുമാർ, ഗിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപൻ, മണികഠ്ണൻ, ബാലകൃഷ്ണൻ എൻ, മണികഠ്ണൻ ബി എന്നിവരാണ് മറ്റ് പ്രതികൾ. കേസിൽ അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാറാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam