
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ (Swapna Suresh) രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം ജില്ലാ പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയിൽ അപേക്ഷ നൽകി. എന്നാല്‍, രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിന് രഹസ്യമൊഴി നൽകരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രഹസ്യമൊഴിയുടെ പകർപ്പ് എന്തിന് വേണ്ടിയെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കന്‍റോമെൻറ് പൊലീസ് രജിസ്റ്റർ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്ത് കൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലുടെ അടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട സ്വപ്ന, സംസ്ഥാന സർക്കാരിൻ്റെ സുരക്ഷ വേണ്ടന്നും ആവർത്തിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിൽ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ടത് കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്നതിന് ഒരാഴ്ച സമയം വേണമെന്നും ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. രഹസ്യമൊഴി കേന്ദ്ര എൻഫോഴ്സ്മെന്‍റ് പരിശോധിക്കുകയാണെന്നും ഇ ഡി അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. കേസ് ഈ മാസം 22ലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam