
കണ്ണൂർ: കണ്ണൂരിലും കോഴിക്കോട്ടും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രണമം (Attack Against CPM offices). സംഭവത്തിന് പുറകിൽ കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. കോഴിക്കോട് തിക്കോടിയിൽ കഴിഞ്ഞദിവസം കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ പയ്യോളി പൊലീസ് കേസ്സെടുത്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് കണ്ണൂരിലും കോഴിക്കോട്ടും പാർട്ടിഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായത്.
കണ്ണൂർ കക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിലെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം വാല്യക്കാട് സിപിഎം ബ്രാഞ്ച് ഓഫീസ് തീവച്ച് നശിപ്പിക്കാനാണ് ശ്രമം നടന്നത്. ഓഫീസിലുണ്ടായിരുന്ന ഫർണീച്ചറുകളും നിരവധി ഫയലുകളും കത്തി നശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷ സേനും പൊലീസുമെത്തി തീയണച്ചു. സംഭവങ്ങൾക്ക് പുറകിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. പാർടി ഓഫീസുകൾ ആക്രമിക്കുന്ന നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി
കോഴിക്കോട് വാല്യക്കാട്ടെ ആക്രമണത്തിൽ പങ്കില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കൾ വിശദീകരിച്ചു. ബോധപൂർവ്വം കലാപമുണ്ടാക്കാനുളള സിപിഎം ശ്രമമാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങി. തിക്കോടിയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയിൽ പയ്യോളി പൊലീസ് കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ കേസ്സെടുത്തു. പ്രതികളെ തിരിച്ചറിയാനുളള നടപടി തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്‍റ് നൽകിയ പരാതിയിൽ കലാപ ആഹ്വാനം ,ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യായ മായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. പരാതി നൽകിയിട്ടും കേസ്സെടുത്തില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പൊലീസ് നിലപാടിനെതിരെ ഹൈക്കോടതിയിൽ കോൺഗ്രസ് ഹർജിയും നൽകിയിട്ടുണ്ട്.കോഴിക്കോട്ടെ അക്രമ സംഭവങ്ങളില്‍ പൊലീസ് പ്രതികളെ പിടിക്കാതെ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസ്സിന്‍റെ ആരോപണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam