
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകിയെങ്കിലും അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിൽ അനിശ്ചിതത്വം. തുടർനടപടികൾ ആലോചിക്കാൻ അന്വേഷണ സംഘം ഉടൻ യോഗം ചേരും. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന് അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി രംഗത്ത് വന്നതോടെയാണ് സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടിയത്. അടുത്ത മാസം 15 വരെ അധിക കുറ്റപത്രം നൽകാൻ ഹൈക്കോടതി അനുമതിയും നൽകിയിട്ടുണ്ട്.
കേസിൽ ഇനി ചോദ്യം ചെയ്യാനുള്ള പ്രധാന സാക്ഷികൾ അഭിഭാഷകരാണ്. മുബൈയിലേക്ക് ദിലീപിന്‍റെ ഫോണുമായി തെളിവ് നീക്കം ചെയ്യാൻ പോയ നാല് അഭിഭാഷകർ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച സീനിയർ അഭിഭാഷകൻ അടക്കം ചോദ്യം ചെയ്യലിന് വിധേയരാകേണ്ടതുണ്ട്. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിന് ഉന്നത അനുമതി ആയിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കും. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണുകളിൽ നിന്ന് ലഭിച്ച് തെളിവുകളുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്.
ഇതിനിടെ ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിട്ട് നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഐ ഫോൺ, ടാബ്, ഐമാക് അടക്കമുള്ളവയാണിത്. ഫോറൻസിക് പരിശോധനയിൽ ഇവയിൽ നിന്ന് കേസിനെ ബന്ധിപ്പിക്കാൻ തെളിവുകളൊന്നും കിട്ടിയില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് സായ് ശങ്കർ കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ പ്രതിയായ സായ് സങ്കറിനെ പിന്നീട് ക്രൈം ബ്രാഞ്ച് മാപ്പുസാക്ഷിയാക്കിയിരുന്നു.
വധഗൂഢാലോചന കേസ്, ഹാക്കർ സായ് ശങ്കറിന്‍റെ കംപ്യൂട്ടറും ഫോണുകളും വിട്ട് നൽകാൻ കോടതി ഉത്തരവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam