
മലപ്പുറം: വളാഞ്ചേരിയില്‍ ദേവിക എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും. വാർത്താക്കുറിപ്പിലൂടെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത മനോവേദയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം. ടിവിയോ മൊബൈലോ ടാബോ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ദേവിക മനപ്രയാസം നേരിട്ടിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു.
ദേവികയുടെ മരണത്തെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ അപ്രാപ്യമായ സംസ്ഥാനത്തെ രണ്ട് ലക്ഷം കുട്ടികൾക്കും ക്ലാസുകൾ ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് സർക്കാർ. നിരവധി രാഷ്ട്രീയ - സാംസ്കാരിക സംഘടനകളും വ്യക്തികളും സാമൂഹികപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മൊബൈലും ടാബും ടിവിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്തു രംഗത്തു വന്നിട്ടുണ്ട്.