
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നൽകും. പീരുമേട് കോടതിയിലാണ് അപേക്ഷ നൽകുക. കേസിലെ നാലാം പ്രതി സജീവ് ആന്‍റണിയുടെ ജാമ്യാപേക്ഷയും ഇന്ന് തെടുപുഴ കോടതിയിൽ എത്തുന്നുണ്ട്.
എന്തിനാണ് രാജ് കുമാറിനെ പൊലീസുകാർ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചുകൊന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇപ്പോഴും ക്രൈംബ്രാഞ്ചിനായിട്ടില്ല . കയ്യബദ്ധം പറ്റിയെന്ന എസ്ഐയുടെ കുറ്റസമ്മത മൊഴിയിൽ അന്വേഷസംഘം പൂർണ്ണ തൃപ്തരല്ല. അന്ന് ഡ്യൂട്ടിയിലുണ്ടായിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെ ചോദ്യം ചെയ്തെങ്കിലും അതിലും പൊരുത്തക്കേടുണ്ട്.
ഈ സാഹചര്യത്തിലാണ് റിമാൻഡിലുളള എസ്ഐ സാബുവിനേയും, സിപിഒ സജീവ് ആന്‍റണിയേയും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന് പീരുമേട് കോടതിയിൽ ഇന്ന് അപേക്ഷ നൽകിയേക്കും. ഇവരെ ചോദ്യം ചെയ്ത ശേഷം പ്രതിപട്ടിക വിപുലീകരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
കേസിലെ നാലാം പ്രതി സജീവ് ആന്‍റണിയുടെ ജാമ്യാപേക്ഷ ഇന്ന് തൊടുപുഴ കോടതിയിലെത്തും. പീരുമേട് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിഭാഗം ജില്ലാ കോടതിയിലേക്ക് നീങ്ങിയത്. എസ് ഐ സാബുവിന്‍റെ ജാമ്യാപേക്ഷയും നാളെ ഇതേ കോടതിയിൽ എത്താൻ ഇടയുണ്ട്. ഇതിനിടെ കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റിനും ഇന്ന് സാധ്യത ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam