
കണ്ണൂര്‍: യുഡിഎഫിന്‍റെ രാഷ്ട്രീയ സമ്മർദ്ദത്തിന് പിന്നാലെ പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസ് അന്വേഷണ സംഘത്തെ മാറ്റി. ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ സംഘം. ഐജി ഗോപേഷ് അഗർവാളിന്‍റെ മേൽ നോട്ടത്തില്‍ ഡിവൈഎസ്പി വിക്രമന്‍ കേസ് അന്വേഷിക്കും. കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ ഇസ്മായിൽ സിപിഎം ചായ്‍വുള്ള ആളാണെന്ന ആരോപിച്ച് യുഡിഎഫ് പ്രക്ഷോഭം തുടരുന്നതിനിടെയാണ് മാറ്റം.
കേസിൽ ഇന്നലെയും ഇന്നുമായി മൂന്ന് പ്രതികൾ കൂടി പിടിയിലായി. പാനൂരിൽ നിന്നാണ് അനീഷ് ഒതയോത്ത് എന്നയാളെ കസ്റ്റഡിയിലെടുത്തത്. ആദ്യ പ്രതിപ്പട്ടികയിൽ പേരില്ലാത്ത ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രാവിലെ പിടിയിലായ നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തും സിപിഎം പ്രവർത്തകരാണ്. പ്രതിപ്പട്ടികയിലുള്ള മൂന്ന് പേർ സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കളാണ്.
എട്ടാം പ്രതി ശശി കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറി, പത്താം പ്രതി ജാബിർ സിപിഎം പെരിങ്ങളം ലോക്കൽ കമ്മറ്റി അംഗം, അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷറർ. ഇവരടക്കമുള്ള എല്ലാ പ്രതികളും ഒളിവിലാണ്. ഇന്നലെ ആത്മഹത്യ ചെയ്ത കൊലക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്തിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam