വെടിയുണ്ടകള്‍ എവിടെ? എസ്എപി ക്യാമ്പിലെ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

By Web TeamFirst Published Feb 24, 2020, 1:03 AM IST
Highlights

പതിനൊന്ന് പൊലീസുകാരെ പ്രതിചേർത്താണ് കേസെടുത്തിട്ടുള്ളത്

തിരുവനന്തപുരം: എസ് എ പി ക്യാമ്പിൽ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ പൊലീസുകാരെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. എസ് എ പി ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുണ്ടായിരുന്ന പൊലീസുകാരെയാണ് ചോദ്യം ചെയ്തു വരുന്നത്. കേസിൽ ചില നിർണ്ണായക പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നൽകുന്ന സൂചന.

വെടിയുണ്ട നഷ്ടമായ സംഭവത്തിൽ ഉത്തരവാദികളാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനാണ് ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. പതിനൊന്ന് പൊലീസുകാരെ പ്രതിചേർത്താണ് കേസെടുത്തിട്ടുള്ളത്.

അതേസമയം കുളത്തൂപ്പുഴയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എസ്എപി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് സ്റ്റോറിൽ നിന്നും നൽകിയ വെടിയുണ്ടയല്ലെന്ന് സീരിയൽ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം. ഇതില്‍ ചിലതില്‍ പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്തുണ്ട്. വെടിയുണ്ടകൾ പരിശോധിച്ച ഫൊറസിക് സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

click me!