ശബ്ദരേഖ ചോർന്നതിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്, ബന്ധുക്കളുടേയും ജയിൽ ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കും

By Web TeamFirst Published Nov 22, 2020, 6:43 AM IST
Highlights

അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന പ്രചാരണത്തിൽ അന്വേഷണം വേണമെന്ന് ഇഡി കടുപ്പിച്ചതോടെയാണ് പ്രാഥമിക അന്വേഷണത്തിനുള്ള തീരുമാനം.

തിരുവനന്തപുരം: ശബ്ദരേഖ ചോർച്ചയിൽ സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ജയിൽവകുപ്പിന് കത്ത് നൽകും. സ്വപ്നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ തീരുമാനമെടുക്കുക. എൻഫോഴ്സ്മെന്റ് കടുപ്പിച്ചതോടെയാണ് അന്വേഷണം നടത്താമെന്ന നിലപാടിലേക്ക് പൊലീസെത്തിയത്.

സൈബർ സെൽ സ്പെഷ്യൽ അഡീഷനൽ എസ്പി ഇഎസ് ബിജുമോൻറെ നേതൃത്വത്തിലുള്ള പ്രത്യേക സഘമായിരിക്കും ശബ്ദരേഖ ചോർച്ച അന്വേഷിക്കുക. ജയിൽ വകുപ്പിൻരെ പരാതിയിൽ അന്വേഷണം നടത്താനാകില്ലായിരുന്നു പൊലീസ് നിലപാട്. എന്നാൽ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന പ്രചാരണത്തിൽ അന്വേഷണം വേണമെന്ന് ഇഡി കടുപ്പിച്ചതോടെയാണ് പ്രാഥമിക അന്വേഷണത്തിനുള്ള തീരുമാനം.

പ്രാഥമിക അന്വേഷണത്തിലും സങ്കീർണ്ണതകളേറെയാണ്. ജൂഡീഷ്യൽ അന്വേഷണത്തിൽ കഴിയുന്ന സ്വപ്നയുടെ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി വേണം. അന്വേഷണ സംഘമോ ജയിൽവകുപ്പോ അനുമതി വാങ്ങണം. ശബ്ദരേഖ ഫോറൻസിക്പരിശോധന നടത്തണമെങ്കിൽ കേസെടുക്കണം. സ്വപ്നയെ കൂടാതെ സ്വപ്നയെ സന്ദർശിച്ച ബന്ധുക്കൾ, ജയിൽ ഉദ്യോഗസ്ഥർ എന്നിവരുടേയും മൊഴിയെടുക്കും. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇഡിയുടെ തുടർ നീക്കം. സ്വപ്ന കൂടി ഉൾപ്പെട്ട ഗൂഡാലോചനയാണ് ശബ്ദരേഖചോർച്ചക്ക് പിന്നിലെന്നാണ് എൻഫോഴസ്മെൻറ് സംശയം.

click me!