
വയനാട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും ബദൽ പാത ഒരുക്കുന്നതിലും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിയോട് കത്തിലൂടെ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അതിനിടെ ഗതാഗതക്കുരുക്കിൽ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ചുരത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്താത്ത കോഴിക്കോട് കളക്ടറുടെ നിലപാട് ജനവിരുദ്ധമാണെന്നും,വയനാട് എംപി അടക്കമുള്ളവർ ഉണർന്നു പ്രവർത്തിക്കണം. ഗതാഗതം പുനസ്ഥാപിക്കാനോ പ്രശ്നം മനസ്സിലാക്കാനോ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല, ഈ നിലപാട് ചോദ്യം ചെയ്യേണ്ടതാണെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു.
വിഷയത്തില്‍ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതികരിച്ചു. അനിശ്ചിതമായി പാത അടച്ചത് വലിയ ആശങ്കയുണ്ടാക്കുന്നെന്ന് വ്യാപാരികൾ പറഞ്ഞു. ഓണക്കാലത്ത് വ്യാപരത്തെ ബാധിക്കുമെന്നാണ് ആശങ്ക. ചുരം ബൈപാസ് യാഥാർത്ഥ്യമാക്കണം, സമര പ്രചാരണ വാഹന ജാഥ നടത്തുമെന്നും വ്യാപാരികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam