
തൃശൂർ: വടക്കാഞ്ചേരി വോട്ടുകോഴയിൽ കേസെടുക്കുന്ന കാര്യത്തിൽ തൃശൂർ വിജിലൻസ് ഡിവൈഎസ്പി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. കൂറുമാറിയ മുസ്ലീം ലീഗ് സ്വതന്ത്ര സ്ഥാനാർഥി ഇ യു ജാഫറിൽ നിന്ന് കഴിഞ്ഞ ദിവസം വിജിലൻസ് വിവരങ്ങൾ തേടിയിരുന്നു. വോട്ടെടുപ്പിന് തലേന്ന് സിപിഎം തനിക്ക് 50 ലക്ഷത്തിന്റെ ഓഫർ തന്നിരുന്നു എന്ന് ജാഫർ വെളിപ്പെടുത്തിയ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
ജാഫറിന്‍റെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്നാണ് കോൺഗ്രസിന്‍റെ ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായിരുന്ന ഷാനവാസിന്‍റെ ആരോപണം. നിരവധി തവണ അവർ തമ്മിൽ കൂടിയാലോചനകൾ നടത്തി. ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെന്ന് വ്യക്തമാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. വിജിലൻസ് ജാഫറിന്‍റെ ഫോൺ പിടിച്ചെടുക്കണമെന്ന് കോൺഗ്രസിന്‍റെ ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായിരുന്ന ഷാനവാസ് ആവശ്യപ്പെട്ടു.
ജാഫർ ചതിച്ചെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മുസ്തഫ പറഞ്ഞു. തലേന്നു തന്നെ ജാഫർ ഗൂഢാലോചനക്ക് തയ്യാറായിരുന്നു. താനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കോഴക്കാര്യം വെളിപ്പെടുത്തിയത് അതുകൊണ്ടാണ്. എൽഡിഎഫ് പ്രസിഡന്‍റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ശേഷം അവരുമായി കൈകൊടുത്ത് സൗഹൃദം പങ്കിടുകയായിരുന്നു ജാഫർ. പ്രസിഡന്‍റ് സ്ഥാനം ജാഫറിന് കിട്ടാതിരുന്നത് കൊണ്ട് പണം കിട്ടി എന്നാണ് വ്യക്തമാകുന്നതെന്നും മുസ്തഫ പ്രതികരിച്ചു
ആരോപണങ്ങളെല്ലാം നിഷേധിച്ച് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ ഇന്നലെ രംഗത്തെത്തിയിരുന്നു. ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ ജാഫർ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ചു. സിപിഎമ്മുമായി യാതൊരു ഡീലുമില്ല. എൽഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിലാണെന്നും ജാഫർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബ്ദരേഖയിലുള്ളത് വെറും സൗഹൃദ സംഭാഷണമാണെന്നാണ് മറ്റൊരു വാദം. മനസിൽ ഇപ്പോഴും യുഡിഎഫുകാരൻ തന്നെയാണെന്നും പാർട്ടി തന്നെ പുറത്താക്കിയെന്നും ഇ യു ജാഫർ വ്യക്തമാക്കി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ജാഫറിന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നത്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്നതായിട്ടാണ് ശബ്ദരേഖ. "ലൈഫ് സെറ്റിലാക്കാൻ ഓപ്ഷൻ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. 50 ലക്ഷമാണ് ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം. നിങ്ങടെ കൂടെ നിന്നാൽ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതി' എന്ന് ജാഫർ പറയുന്നതിന്‍റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam