'ചാരിറ്റി യൂട്യൂബർമാർ സ്വയം എന്തിന് പണം വാങ്ങണം?', ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

Published : Jul 09, 2021, 12:14 PM ISTUpdated : Jul 09, 2021, 12:16 PM IST
'ചാരിറ്റി യൂട്യൂബർമാർ സ്വയം എന്തിന് പണം വാങ്ങണം?', ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

Synopsis

പണം നൽകുന്നവർ പറ്റിക്കപ്പെടാനും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. ചാരിറ്റി യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. സത്യസന്ധമായ സോഴ്സിൽ നിന്ന് അർഹരായ കുട്ടികൾക്ക് പണം വരുന്നത് തടയാനും പാടില്ലെന്നും ഹൈക്കോടതി. 

കൊച്ചി: ചാരിറ്റി ഇടപാടുകളിലെ ക്രൗഡ് ഫണ്ടിംഗിൽ കർശന ഇടപെടലുമായി ഹൈക്കോടതി. സംസ്ഥാനത്ത് ആർക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണപ്പിരിവിൽ സർക്കാർ നിയന്ത്രണം വേണം. പണം നൽകുന്നവർ പറ്റിക്കപ്പെടാനും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് എന്ന് പരിശോധന വേണം. സംസ്ഥാന പൊലീസ് ഇതിൽ ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു.

'യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത്?'

ചാരിറ്റി യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കർശന നിയന്ത്രണം ഉണ്ടാവണം എന്ന് കോടതി വ്യക്തമാക്കി. മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ്  പരാമർശം. 

സത്യസന്ധമായ സോഴ്സിൽ നിന്ന് അർഹരായ കുട്ടികൾക്ക് പണം വരുന്നത് തടയാനും പാടില്ല. സർക്കാരിന് ഇക്കാര്യത്തിൽ സമഗ്രമായ നയം വേണം. കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

ചാരിറ്റിയുടെ പേരിൽ, പ്രത്യേകിച്ച് കേരളത്തിൽ ഈയടുത്ത് ഏറെ ചർച്ചയായ സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അസുഖം ബാധിച്ച കുട്ടികൾക്ക് സഹായം നൽകുന്ന കാര്യത്തിൽ പല തട്ടിപ്പുകളും നടക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

എസ്എംഎ രോഗം ബാധിച്ച കണ്ണൂരിലെ മുഹമ്മദിൻറെ ചികിത്സക്കായി ദിവസങ്ങൾ കൊണ്ട് 18 കോടിരൂപ സുമനസ്സുകൾ നൽകിയ വാർത്ത ആരും മറന്നിട്ടുണ്ടാകില്ല. ഇതിന്‍റെ ചുവടു പിടിച്ച് ഇപ്പോൾ തട്ടിപ്പുകാരും രംഗത്തെത്തിക്കഴിഞ്ഞു. രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് വ്യാജ അക്കൗണ്ട് വഴിയാണ് പണം തട്ടിയെടുക്കുന്നത്.

പെരുമ്പാവൂർ സ്വദേശി പ്രവീണിന്‍റെ മൂന്നു വയസ്സുകാരിയായ മകൾ ഗൗരി ലക്ഷ്മി ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിനുള്ളിലെ ഞരമ്പുകളിൽ മുഴകളുണ്ടാകുന്നതാണ് രോഗം. കഴുത്തിന്‍റെ ഒരു ഭാഗത്ത് ഓപ്പറേഷൻ നടത്തി മുഴകൾ നീക്കം ചെയ്തു. ആരോഗ്യ സ്ഥിതി മോശമായതിനാൽ മറുഭാഗത്തെ ശസ്ത്രക്രിയ നടത്താനായില്ല. തൊണ്ടയിൽ ദ്വാരമിട്ട് ഘടിപ്പിച്ചിരിക്കുന്ന വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ചികിത്സക്കായി ലക്ഷങ്ങൾ ഇതിനകം ചെലവായി. ആശുപത്രിക്കടുത്ത് വാടക വീടെടുത്താണിപ്പോൾ താമസം. മരുന്നിനും മറ്റു ചെലവുകൾക്കുമായി മാസം തോറും ഒന്നര ലക്ഷത്തോളം രൂപ വേണം. പെയിന്‍റിംഗ് തൊഴിലാളിയായ പ്രവീൺ ഈ തുക കണ്ടെത്താൻ വിഷമിക്കുന്നതു കണ്ട് കാരുണ്യ പ്രവർത്തകനായ ചെർപ്പുളശ്ശേരി സ്വദേശി ഫറൂക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കുഞ്ഞിൻറെ വീഡിയോ പോസ്റ്റു ചെയ്തു. ഒപ്പം അക്കൗണ്ട് നമ്പരും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു കാർഡും തയ്യാറാക്കി പങ്കു വച്ചു. ഇതോടെ അക്കൗണ്ടിലേക്ക് പണം എത്തിത്തുടങ്ങി. പിന്നീട് സംഭവിച്ചതിതാണ്. കുഞ്ഞിന്‍റെ ചിത്രങ്ങൾ ഉപയോഗിച്ച് പുതിയ അക്കൗണ്ട് നമ്പരും മൊബൈൽ നമ്പരും ഉൾപ്പെടുത്തി വ്യാജ കാർഡ് തയ്യാറാക്കി തട്ടിപ്പുകാർ പ്രചരിപ്പിച്ചു. കിട്ടിയ പലരും സത്യമറിയാതെ ഇത് വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ദിവസങ്ങൾ കൊണ്ട് അറുപതിനായിരത്തോളം രൂപ അക്കൗണ്ടിലെത്തി.

കാർഡിലെ മൊബൈൽ നമ്പരുകൾ രണ്ടും ഇപ്പോൾ സ്വിച്ചോഫ് ആണ്. സംഭവം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ പോലീസിനെ സമീപിച്ചു. പോലീസന്വേഷണത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ പാല ശാഖയിലെ അക്കൗണ്ടാണിതെന്ന് കണ്ടെത്തി മരവിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചേരാനെല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അശരണരെ സഹായിക്കാനുള്ള മലയാളിയുടെ മനസ്സ് ഇത്തരത്തിൽ ചൂഷണം ചെയ്യാൻ നിരവധി പേർ രംഗത്തെത്തിയതായാണ് വിവരം. സഹായിക്കാൻ ആഗ്രഹിക്കുന്നവർ കൃത്യമായി വിവരങ്ങൾ അന്വേഷിച്ച ശേഷം പണം അയക്കുക മാത്രമാണ് ഇതിനുള്ള പോംവഴി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി, ​ഗുരുതര സ്വഭാവമുള്ള കേസെന്ന് ഹൈക്കോടതി
അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ