മുഹമ്മദിനായി മുഖ്യമന്ത്രിയും, എസ്എംഎ മരുന്ന് തീരുവയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്ത്

By Web TeamFirst Published Jul 9, 2021, 11:03 AM IST
Highlights

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്. 

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യം കത്തിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

പേശികളുടെ ശക്തി ക്രമേണ കുറഞ്ഞ് വരുന്ന അപൂർ രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി. കുട്ടികളിൽ വലിയ അപകടമുണ്ടാക്കുന്ന രോഗത്തിന്‍റെ മരുന്നിന് 18 കോടിയോളം രൂപയാണ്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് വലിയ തുക ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്. 

കുഞ്ഞുമുഹമ്മദിനായി കൈകോ‍ർത്ത് കേരളം, അതിവേ​ഗം അക്കൗണ്ടിലെത്തിയത് 18 കോടി

രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ ദാരുണാവസ്ത ഏഷ്യാനെറ്റ് ന്യൂസാണ് ജനങ്ങളിലേക്ക് എത്തിച്ചത്. വാർത്ത പുറത്ത് വന്നതോടെ കുട്ടിക്ക് വേണ്ടി ലോകമെമ്പാടുമുള്ള സുമനസുകൾ കൈകോർത്തു. ദിവസങ്ങൾക്കുള്ളിൽ ചികിത്സാ ചിലവായ 18 കോടി രൂപ പിരിച്ച് കിട്ടി. കേരളത്തിൽ ഈ അപൂർവ രോഗം ബാധിച്ച് 100 പേർ ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സയിലുള്ള  കോഴിക്കോട് സ്വദേശി ഇമ്രാന്‍റെ ചികിത്സ നടപടികൾ ചർച്ച ചെയ്യാനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് മെഡിക്കൽ ബോർഡ് ചേരും. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായാണ് ബോർഡ് ചേരുക. ചികിത്സയിലുള്ള കുട്ടിക്ക് മരുന്ന് എത്തിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി നി‍ർദേശപ്രകാരമാണ് ഇമ്രാന്‍റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!