'മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് പ്രശ്‌നമായി മാറി'; മുൻകൂട്ടി പണമടക്കുന്നവര്‍ക്ക് പ്രത്യേക കൗണ്ടര്‍

By Web TeamFirst Published Jul 10, 2021, 6:48 PM IST
Highlights

തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും. തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കുമെന്നും മുഖ്യമന്ത്രി പതിവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കൂടിയത് പ്രശ്‌നമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരക്ക് ഒഴിവാക്കുന്നതിന് മാര്‍ഗങ്ങള്‍ തേടും. തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും. മുന്‍കൂട്ടി പണമടക്കുന്നവര്‍ക്ക് പ്രത്യേക കൗണ്ടര്‍ ഒരുക്കാനാണ് ആലോചിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കുമെന്നും മുഖ്യമന്ത്രി പതിവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മാസ്‌ക് മാറ്റുന്ന അവസരങ്ങളില്‍ ശരീര ദൂരം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വാക്‌സീനെടുത്തവര്‍ രോഗവാഹകരാവും. അവര്‍ മാസ്‌ക് ധരിക്കണം. എസി മുറികള്‍ ഉപയോഗിക്കരുത്. ജനാല തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിച്ചേരല്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് വലിയ വിമര്‍ശന വിഷയമായിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നിലെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

click me!