
റായ്‌പൂർ: ഛത്തീസ് ഗഡിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് മലയാളി ജവാൻ മരിച്ചു. സി ആർ പി എഫ് കമാൻഡോ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആർ ആണ് മരിച്ചത്. നക്സൽ ബാധിത മേഖലയിൽ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ 7.30 ഓടെ തുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്.
അപകട സ്ഥലത്ത് സി ആർ പി എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്. സുഖ്മാ - ബീജാപ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ സി ആർ പി എഫിന്റെ പക്കലുണ്ടായിരുന്ന എകെ 47 തോക്കുകൾ അടക്കമുള്ള ആയുധങ്ങളും നഷ്ടമായെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കിൽ പെട്ടു. ഇവരെ നാല് പേരെയും രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർക്ക് സാധിച്ചു. നാല് പേർക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പിന്നീട് തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
ധീരജവാന് യാത്രാമൊഴി
ചത്തീസ്ഗഡിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച ജവാൻ ആർ സൂരജിന്റെ സംസ്കാരം കൊല്ലം ശൂരനാട്ടെ വീട്ടുവളപ്പിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മന്ത്രി ജെ ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം പി, കോവൂർ കുഞ്ഞുമോൻ എം എൽ എ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സി ആർ പി എഫ് കമാന്റോ ആയിരുന്ന സൂരജ് വെള്ളിയാഴ്ച രാവിലെയാണ് മലവെള്ളപ്പാച്ചിലിൽ പെട്ട് മരിച്ചത്.