
തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിൽ ഷൂട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനം. സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ആവശ്യങ്ങള്‍ക്കായി ആയുധ ലൈസന്‍സുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവയ്ക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് വനം വകുപ്പില്‍ നിന്നും പുറപ്പെടുവിച്ച ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇടുക്കി ജില്ലാ കളക്ടറുടെ ശുപാര്‍ശയും ആഭ്യന്തര വകുപ്പിന്‍റെ അഭിപ്രായവും കണക്കിലെടുത്തായിരുന്നു നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ആയുധ ലൈസന്‍സ് അനുവദിക്കുന്ന ലൈസന്‍സിങ് അതോറിറ്റികള്‍ ഇത്തരം ലൈസന്‍സുകള്‍ ഉപയോഗിക്കുന്നതിന്‍റെ സാധുതയും പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്.
ഈ വിഷയത്തില്‍ വനം-വന്യജീവി വകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമാനുസൃതമാണോ എന്നും പ്രായോഗികത ഉള്‍പ്പെടെ ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പ്രസ്തുത ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും ലൈസൻസുല്ല ഷൂട്ടര്‍മാരുടെ ലഭ്യതക്കുറവ് മൂലം കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള നടപടികള്‍ കാര്യമായി നടക്കുന്നില്ലെന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ വനം ഡിവിഷനുകള്‍ക്ക് കീഴിലുമുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ ലൈസന്‍സുള്ള ഷൂട്ടര്‍മാരെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം വനം മന്ത്രി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam