
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സർവകലാശാലാ വിഷയങ്ങളിലടക്കം തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ന് വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂട്ടിക്കാഴ്ച്ച.
മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം. സർക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നു. കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിൽക്കുന്നത്.
സ്ഥിരം, താത്കാലിക വിസിമാരുടെ നിയമനം, കേരള സർവകലാശാലയിലെ വിസി-റജിസ്ട്രാർ തർക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കേരള സർവകലാശാല വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച്, ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വിസി മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പക്ഷേ, രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ.എസ്.അനിൽകുമാറിനെ മാറ്റണമെന്ന ആവശ്യത്തിൽ വിസി ഉറച്ചുനിൽക്കുകയാണ്. താത്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽ നിന്നായിരിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരെ രാജ്ഭവൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam