അതുല്യയുടെ മരണം ജന്മദിനത്തിൽ; 'സതീഷിന്‍റെ പെരുമാറ്റം സൈക്കോയെ പോലെ', ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടാണ് പുറത്ത് പോകാറുള്ളതെന്ന് സുഹൃത്ത്

Published : Jul 20, 2025, 01:40 AM IST
sharjah athulya kollam native death

Synopsis

17 ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18ാം വയസിലായിരുന്നു വിവാഹമെന്നും അതുല്യയുടെ സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊല്ലം: ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണം. അതുല്യയുടെ കല്യാണത്തിനുശേഷം പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്തിന്‍റെ വെളിപ്പെടുത്തൽ. 

വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നമുണ്ടായിരുന്നുവെന്നും 17 ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18ാം വയസിലായിരുന്നു വിവാഹമെന്നും അതുല്യയുടെ സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പു പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നു. മൂന്നു മാസം മുമ്പ് അതുല്യ നാട്ടിൽ വന്നിരുന്നു.

ഇവരുടെ മകള്‍ നാട്ടിലാണ് പഠിക്കുന്നത്. അച്ഛൻ എന്നുവെച്ചാൽ കുഞ്ഞിന് പേടിയായിരുന്നു. അതിനാൽ കുഞ്ഞ് നാട്ടിലാണ് പഠിച്ചിരുന്നത്. അതുല്യയും സതീഷും തമ്മിൽ പ്രായവ്യത്യാസമുണ്ട്. അതിന്‍റെ ഈഗോ സതീഷിനുണ്ടെന്ന് അതുല്യ പറയാറുണ്ടായിരുന്നു. അതുല്യ എപ്പോഴും വിളിച്ച് വിഷമം പറയാറുണ്ടായിരുന്നു. സൈക്കോയെപ്പോലെയാണ് അയാളുടെ പെരുമാറ്റം. മദ്യകഴിച്ചാൽ പിന്നെ പെരുമാറ്റം മാറും. 

രാവിലെ പിന്നെ ഒന്നും ഓര്‍മയില്ലാത്തപോലെ പെരുമാറും. കുഞ്ഞിനെയും ഷാര്‍ജയിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞ് സതീഷ് ബുദ്ധിമുട്ടിക്കുമായിരുന്നു. സതീഷ് ജോലിക്ക് പോകുമ്പോള്‍ അതുല്യയെ ഫ്ലാറ്റിനുള്ളിലാക്കി പൂട്ടിയിട്ടാണ് പോകുന്നത്. ഓഫീസിൽ നിന്ന് തിരിച്ചെത്തുമ്പോള്‍ സതീഷ് പുറത്തുനിന്ന് ലോക്ക് തുറന്നശേഷമാണ് അതുല്യ അകത്തെ പൂട്ട് തുറന്നു നൽകാറുള്ളത്. ഓരോ തവണയും പ്രശ്നമുണ്ടാകുകയും പിന്നീട് മാപ്പുപറയുകയും ചെയ്യുകയായിരുന്നു. ഡിഗ്രിയും കമ്പ്യൂട്ടര്‍ കോഴ്സും പഠിച്ച അതുല്യ ജോലിക്ക് ശ്രമിച്ചിരുന്നു. ഇന്ന് ജോലിക്ക് പോകാനിരിക്കെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ജൂലൈ 19ന് അതുല്യയുടെ ജന്മദിനം കൂടിയാണെന്നും സുഹൃത്ത് പറഞ്ഞു. 

ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിന്‍റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് അതുല്യയുടെ കുടംബത്തിന്‍റെ ആരോപണം. സതീഷിനെതിരെ യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. കൊലപാതക കുറ്റം ചുമത്തിയാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്‍റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.

കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം ജന്മദിനത്തിലാണ് അതുല്യയുടെ ദാരുണ മരണം. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. 10 വയസുള്ള മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾ ഒപ്പം നാട്ടിലാണ് താമസിക്കുന്നത്. ഷാർജ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതുല്യയുടെ മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും