
തിരുവനന്തപുരം : കരുവന്നൂര്‍ അടക്കം പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തിന് വഴി തേടി ഇന്ന് കൊച്ചിയിൽ നിര്‍ണ്ണായക ചര്‍ച്ച നടക്കും. സഹകരണ മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചയിൽ സഹകരണ വകുപ്പിലേയും കേരള ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് പണമെത്തിക്കുന്നത് നിലവിലുള്ള കുരുക്കഴിക്കലാണ് പ്രധാന അജണ്ട
കാര്യം കരുവന്നൂരിന്‍റെ പേരിലെങ്കിലും തകര്‍ച്ചയിലായ സഹകരണ പ്രസ്ഥാനങ്ങൾക്ക് ആകെ ആശ്വാസം എന്ന നിലയിലാണ് സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്താനൊരുങ്ങുന്നത്. സഹകരണ സെക്രട്ടറിയും രജിസ്ട്രാറും സഹകരണ വകുപ്പിലേയും കേരള ബാങ്കിന്‍റെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തരമായി കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കുന്നതിൽ തുടങ്ങി കേരളാ ബാങ്കിലെ കരുതൽ ധനം സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എത്തിക്കുന്നതിന്‍റെ സാങ്കേതിക തടസങ്ങളിൽ വരെ വിശദമായ ചര്‍ച്ച നടക്കും.
ക്രമക്കേടിന്‍റെ പേരിൽ ഫയലുകൾ പിടിച്ചെടുത്ത ഇഡിയുടെ നടപടിയോടെ കരുവന്നൂരിൽ പ്രശ്ന പരിഹാരം സങ്കീര്‍ണ്ണമായെന്നാണ് ഭരണ സമിതി ആരോപണം. 400 ഓളം ഫയലുകൾ ഇഡിയുടെ കൈവശമിരിക്കെ 100 കോടിയോളം രൂപയുടെ ഇടപാടെങ്കിലും അവതാളത്തിലായെന്നും ആക്ഷേപമുണ്ട്. കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങൾ തിരിച്ച് നൽകുന്നതിന് അടിയന്തരമായി കണ്ടെത്തേണ്ട തുകയ്ക്ക് സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ ധാരണ ആയിക്കഴിഞ്ഞു. കേരള ബാങ്കിൽ നിന്ന് പണം എത്തുന്ന മുറയ്ക്ക് നിക്ഷേപം തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിലാണ് ചര്‍ച്ച.
കരുവന്നൂർ തട്ടിപ്പ്: മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യംചെയ്യുന്നു, മുഖ്യപ്രതിയുമായി ബന്ധം
സഹകരണ സംഘത്തിന്‍റെ കരുതൽ ധനമായതിനാൽ അതാത് സംഘങ്ങളുടെ അനുമതിക്കൊപ്പം സഹകരണ നിയമഭേദഗതിയുടെ നടപടി ക്രമങ്ങളും ഇതിനായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആര്‍ബിഐ മാനദണ്ഡം മുൻനിര്‍ത്തി നബാഡ് ഉയര്‍ത്തിയ എതിരഭിപ്രായങ്ങളും മറികടക്കണം.
അതേസമയം സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര് കണ്ടെത്തിയതിന് അപ്പുറം ഒന്നും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും രക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ക്രമക്കേടുകൾക്കെതിരെ മുഖം നോക്കാതെ നടപടി വരുന്നതിലുള്ള അതൃപ്തിയാണ് വിവാദങ്ങൾക്ക് പിന്നിലെന്നാണ് സഹകരണ വകുപ്പിന്‍റെ വിശദീകരണം.