കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരൻ കിരണും തമ്മിൽ ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു.
കൊച്ചി : കരുവന്നൂർ തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ഹാജരായത്. കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരൻ കിരണും തമ്മിൽ ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഇതിന് ഇടനില നിന്നത് മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസായിരുന്നു. മുൻ എസ്പി ആന്റണിക്ക് സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയെ വിളിപ്പിച്ചത്. നേരത്തെ കഴിഞ്ഞ മാസം 29 ന് ഇരുവരെയും വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. പുതിയ വിവരങ്ങളിലെ വ്യക്തതയ്ക്കായാണ് വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചതെന്നാണ് വിവരം.
കരുവന്നൂര്‍ അടക്കം പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തിന് വഴി തേടി ഇന്ന് കൊച്ചിയിൽ നിര്‍ണ്ണായക ചര്‍ച്ച നടക്കും. സഹകരണ മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചയിൽ സഹകരണ വകുപ്പിലേയും കേരള ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് പണമെത്തിക്കുന്നത് നിലവിലുള്ള കുരുക്കഴിക്കലാണ് പ്രധാന അജണ്ട. കാര്യം കരുവന്നൂരിന്‍റെ പേരിലെങ്കിലും തകര്‍ച്ചയിലായ സഹകരണ പ്രസ്ഥാനങ്ങൾക്ക് ആകെ ആശ്വാസം എന്ന നിലയിലാണ് സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്താനൊരുങ്ങുന്നത്. സഹകരണ സെക്രട്ടറിയും രജിസ്ട്രാറും സഹകരണ വകുപ്പിലേയും കേരള ബാങ്കിന്‍റെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തരമായി കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കുന്നതിൽ തുടങ്ങി കേരളാ ബാങ്കിലെ കരുതൽ ധനം സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എത്തിക്കുന്നതിന്‍റെ സാങ്കേതിക തടസങ്ങളിൽ വരെ വിശദമായ ചര്‍ച്ച നടക്കും.

