
തിരുവനന്തപുരം: തട്ടം പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന് പിന്തുണയുമായി സിപിഎം നേതാവ് ഷിജുഖാന്‍ രംഗത്ത്. അനിൽകുമാർ മതനിരപേക്ഷ രാഷ്ട്രീയത്തിനായി നിരന്തരം പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്ന ജനനേതാവാണ്. വൈവിധ്യപൂർണമായ ഇന്ത്യൻ സാംസ്കാരിക സവിശേഷതകളെ ഉയർത്തിക്കാട്ടുന്ന നിരവധി പ്രഭാഷണങ്ങൾ നിർവഹിച്ച ആളാണ്. മുതലാളിത്ത ചൂഷണത്തിനും സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കുമെതിരെ,മതവിശ്വാസികളും, മതരഹിതരും ഉൾപ്പടെ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണം എന്ന് പ്രഖ്യാപിക്കുന്ന പാർട്ടിയുടെ പ്രതിനിധിയാണ്.
ഇന്ത്യയിൽ സംഘപരിവാർ നിരന്തരം വേട്ടയാടുന്ന ന്യൂനപക്ഷ-ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്കു വേണ്ടി ശബ്ദിക്കുന്ന ആളാണ് . ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന കൃത്യമായ വിശകലനമാണ് അദ്ദേഹത്തിന്റേത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ തുറന്നുകാട്ടുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. തിരുവനന്തപുരത്ത് നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗത്തെ വളച്ചൊടിച്ച് , കെ അനിൽകുമാർ മുസ്ലീങ്ങൾക്കെതിരാണ് എന്ന് വരുത്തേണ്ടത് വലതുപക്ഷത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യമാണ്. ആ പ്രചരണത്തിൽ നിഷ്കളങ്കരായ മനുഷ്യർ വീണു പോവരുത്.
കെ.അനിൽ കുമാറിന്റെ തിരുവനന്തപുരം പ്രസംഗം മുഴുവൻ കേൾക്കണം. വീണ്ടും സംശയം വരുന്നെങ്കിൽ കെ . അനിൽ കുമാറിന്റെ വിശദീകരണം കേൾക്കണം. കാര്യങ്ങൾ ബോധ്യപ്പെടാൻ അതു മതി. എന്നിട്ടും നിങ്ങൾക്ക് വിയോജിക്കാനാണ് താത്പര്യമെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും ഇവിടെയുണ്ട്. എന്നാൽ കെ അനിൽ കുമാറിനെ ഒറ്റതിരിഞ്ഞ് വേട്ടയാടാനാണ് ശ്രമമെങ്കിൽ അത് കണ്ടുനിൽക്കാനുമാവില്ല.ഒരു പ്രസംഗത്തിന്‍റെ പേരിൽ സ.എ.എൻ ഷംസീറിനെ ഹിന്ദു വിരുദ്ധനും മറ്റൊരു പ്രസംഗത്തിന്‍റെ പേരിൽ സ.കെ അനിൽ കുമാറിനെ മുസ്ലിം വിരുദ്ധനുമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണ്. അത് തിരിച്ചറിയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam