
കോട്ടയം: സിഎസ്ഐ സഭ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമാണെന്ന് ബിഷപ് ഡോ. സാബു കെ ചെറിയാന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ് സഭയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ നിലനില്‍പ്പ് കര്‍ഷകരിലൂടെയാണ്, കര്‍ഷകരാണ് നമ്മുടെ രാജ്യത്തെ നില നിര്‍ത്തുന്നതെന്ന് ബിഷപ് പറഞ്ഞു.
കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്യം എന്ത് കൊണ്ട് അടിച്ചേല്‍പ്പിക്കുന്നു. ഇതുവരെ തറവില നിശ്ചയിക്കപ്പെട്ടിരുന്നു. പുതിയ നിയമം വരുന്നതോടെ തറവില എടുത്ത് കളയപ്പെടും. ഇതുവരെ മാര്‍ക്കറ്റുകള്‍ ക്രമീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ മണ്ഡികള്‍ ഇല്ലാതാകും. ഇതോടെ കുത്തക മുതലാളിമാരുടെ കയ്യിലാകും കാര്‍ഷിക മേഖല. താല്‍ക്കാലികമായി കര്‍ഷകര്‍ക്ക് വില ലഭിച്ചേക്കും. എന്നാല്‍ കാലക്രമേണ കുത്തക മുതലാളിമാരാകും കാര്‍ഷിക വിഭവങ്ങളുടെ വില നിശ്ചയിക്കുക. കര്‍ഷകനെ നിശബ്ദനാക്കുന്ന ദരിദ്രനാക്കുന്ന നിയമമാണ് ഇത്.
നഷ്ടം വരുന്നത് കര്‍ഷകന് മാത്രമാണ്. അതുകൊണ്ടാണ് കര്‍ഷകര്‍ക്കൊപ്പം സഭ നില നില്‍ക്കുന്നത്. സഭ എപ്പോഴും ബലഹീനരോടും പീഡിതരോടും കൂടിയാണ് നിലകൊള്ളുന്നത്. പീഡിതരോടൊപ്പം നില്‍ക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. കര്‍ഷക സമരം ന്യായമായ സമരമാണ്. അനാവശ്യമായ നിയമം പിന്‍വലിച്ച് കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്ന് ബിഷപ് പറഞ്ഞു.