തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയ്തെന്ന് പൊലീസ്; സിഎസ്ആർ തട്ടിപ്പിൽ വെളിപ്പെടുത്തലുമായി മുൻ കോർഡിനേറ്റർ

Published : Feb 08, 2025, 07:43 AM IST
തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയ്തെന്ന് പൊലീസ്; സിഎസ്ആർ തട്ടിപ്പിൽ വെളിപ്പെടുത്തലുമായി മുൻ കോർഡിനേറ്റർ

Synopsis

അനന്തകൃഷ്ണന്‍ കൂടാതെ ഇടുക്കിയിൽ നിന്നുള്ള മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബാ സുരേഷാണ് തട്ടിപ്പ് നേതൃത്വം നൽകിയതെന്നും മുൻ കോര്‍ഡിനേറ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി/ ഇടുക്കി: സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. വൻ തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയ്തെന്ന് പൊലീസ്. അനന്തകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളിൽ നിന്നാണ് നിഗമനം. 40000 പേരിൽ നിന്നായി സ്കൂട്ടറിന് പകുതി പണമായ 60,000 രൂപ വാങ്ങിയതായ ബാങ്ക് രേഖകള്‍. 18,000 പേർക്ക് സ്കൂട്ടർ നൽകി.

ഒരു ലക്ഷത്തോളം പേരില്‍ നിന്ന് വാങ്ങിയ രേഖകള്‍ പൊലീസിന് കിട്ടി. 33,000 പരാതികളെങ്കിലും ഇനിയും വരാനുണ്ടെന്ന് പൊലീസ് കരുതുന്നു. 30,000 പേരിൽ നിന്നാണ് ലാപ്ടോപ്പ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. 15,000 പേ‍ർക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 25,000 രൂപയാണ് ലാപ്ടോപ്പിനായി വാങ്ങിയത്. 13,000 പേരിൽ നിന്നും തയ്യൽ മെഷീനായി പണം വാങ്ങിയെങ്കിലും 13,000 മെഷീനും വിതരണം ചെയ്തത് അനന്തകൃഷ്ണൻ പൊലീസിന് മൊഴി നല്‍കി. രാസവളം വിതരണം ചെയ്യാനായി 20,000 പേരിൽ നിന്നും പണം വാങ്ങി. 90,000 രൂപ വില വരുന്ന വളത്തിന് വാങ്ങിയത് 45,000 രൂപയാണ്. 17,000 രൂപയ്ക്ക് വളം വിതരണം ചെയ്തു.  

സിഎസ്ആ‍ർ ഫണ്ട് തട്ടിപ്പിൽ തലസ്ഥാനത്ത് നടന്നതും വൻ തട്ടിപ്പെന്ന് മുൻ ജില്ലാ കോര്‍ഡിനേറ്റര്‍ പറയുന്നു. അനന്തകൃഷ്ണന്‍ കൂടാതെ ഇടുക്കിയിൽ നിന്നുള്ള മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബാ സുരേഷാണ് തട്ടിപ്പ് നേതൃത്വം നൽകിയതെന്നും മുൻ കോര്‍ഡിനേറ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പ് ചോദ്യം ചെയ്തപ്പോള്‍ പുറത്താക്കി. ഏഴുമാസം മുമ്പേ ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന് കൂടുതൽ സ്ഥലങ്ങളിലെത്തി തെളിവെടുക്കും. സ്വദേശമായ ഇടുക്കി കോളപ്രയിലെ വീട്ടിലും ഓഫീസിലും അനന്തുവിനെ എത്തിക്കും. അനന്തുവിൻ്റെ ബാങ്കിടപാട് വിശദാംശങ്ങളറിയാൻ ജീവനക്കാരെയും ചോദ്യംചെയ്യലിനായി മൂവാറ്റുപുഴ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ശതകോടികളുടെ തിരിമറി നടന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് ഇടപാട് രേഖകൾ വച്ചാണ് പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുവിൻ്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. 

ഇടുക്കി കോളപ്ര ഏഴാംമൈലിലെ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ഡവലപ്മെന്റ് സൊസൈറ്റി എന്ന എൻജിഒ കേന്ദ്രീകരിച്ചായിരുന്നു ഇവിടുത്തെ ധനസമാഹരണം. ഈ സ്ഥാപനത്തിൽ അനന്തുവിനെയെത്തിച്ച് വിവരങ്ങളെടുക്കും. അനന്തുവിൻ്റെ വീട്ടിലും ഇടുക്കിൽ വാങ്ങിക്കൂട്ടിയ ഭൂമികളിലും അനന്തുവിനെയും കൊണ്ട് അന്വേഷണ സംഘമെത്തും. ഇടുക്കി, ഈരാട്ടുപേട്ട എന്നിവിടങ്ങളിലായി അഞ്ച് ഭൂമിയിടപാടുകളാണ് അനന്തു നടത്തിയത്. ഇയാളുടെ ബന്ധുക്കളുടെ പേരിൽ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിശദാംശങ്ങളും പൊലീസ് പരിശോധിക്കും. ബന്ധുക്കളിൽ നിന്നുൾപ്പെടെ ഉടൻ മൊഴി രേഖപ്പെടുത്തും. തുടർന്ന് അനന്തുവിനെ കൊച്ചിയിലുളള സ്ഥാപനങ്ങളിലുമെത്തിച്ച് തെളിവുകൾ ശേഖരിക്കും. 

സോഷ്യല്‍ ബീ വെഞ്ച്വേഴ്സ്, കളമശ്ശേരിയിലെ പ്രൊഫഷണല്‍ സര്‍വീസ് ഇനവേഷന്‍, ഗ്രാസ്റൂട്ട് ഇനവേഷന്‍ എന്നീ സ്ഥാപനങ്ങളിലേക്കാണ് വിവിധ അക്കൗണ്ടുകളിൽ നിന്നായി പണമെത്തിയത്. അനന്തുകൃഷ്ണൻ്റെ 19 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിലുളള വിവരമനുസരിച്ചുളള ചോദ്യങ്ങൾക്കാണ് തിരുവനന്തപുരം സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന് രണ്ടുകോടി നൽകിയ കാര്യവും ഇടത് - യുഡിഎഫ് നേതാക്കൾക്ക് 50 ലക്ഷം രൂപയിലേറെ കൈമാറിയ കാര്യവും അനന്തു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ പേര് വിവരങ്ങൾ അനന്തു പൊലീസിനോട് പറഞ്ഞിട്ടില്ല. 

കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് 46 ലക്ഷം രൂപ നൽകിയതിന്റെ ഇടപാട് രേഖകളും അന്വേഷണ സംഘത്തിന് കിട്ടി. പണം കൈമാറ്റം ശരിവയ്ക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. തിരിമറി നടത്തിയിട്ടില്ല എന്നും സമാഹരിച്ച പണം ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചു എന്നുമാണ് അനന്തു ആവർത്തിക്കുന്നത്. അനന്തു സംസ്ഥാന വ്യാപകമായി വിതരണം ചെയ്ത ഉത്പന്നങ്ങളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ബിനാമി അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അനന്തുവിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.

 

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി