
കൊച്ചി: പഠിച്ചു മുന്നേറണമെന്ന ആഗ്രഹം സാധിക്കാനാണ് പോളിടെക്നിക് പഠനം കഴിഞ്ഞ് കിട്ടിയ ജോലി ഉപേക്ഷിച്ച് കൂത്താട്ടുകുളത്തുകാരൻ അതുൽ തമ്പി കുസാറ്റിൽ എൻജിനിയറിങ് ബിരുദത്തിന് ചേർന്നത്. പക്ഷേ ആഗ്രഹിച്ച് പ്രവേശനം നേടിയ ക്യാമ്പസിൽ തന്നെ അതിദാരുണമായൊരു അപകടത്തിൽ മരണത്തിനു കീഴടങ്ങാനായിരുന്നു ആ ഇരുപത്തിനാലുകാരന്റെ ദുർവിധി.
ക്യാമ്പസിൽ ടെക് ഫെസ്റ്റ് നടക്കുന്നതിനാൽ ഈ ആഴ്ച വീട്ടിലേക്ക് വരില്ലെന്ന് ഇന്നലെ വൈകിട്ടാണ് അതുൽ മാതാപിതാക്കളെ വിളിച്ചറിയിച്ചത്. എന്നിട്ടും അതുലിന്ന് വന്നു. ചേതനയറ്റൊരു ശരീരം മാത്രമായി. കർഷക തൊഴിലാളിയായിരുന്ന തമ്പിയുടെയും മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന ലില്ലിയുടെയും ഇളയ മകനായ അതുൽ കുട്ടിക്കാലം മുതലേ പഠനത്തിൽ മിടുക്കനായിരുന്നു. പോളിടെക്നിക് പഠനം കഴിഞ്ഞ് ജോലി കിട്ടിയെങ്കിലും എൻജിനിയറാകണമെന്ന ആഗ്രഹം സാധിക്കാൻ ജോലി ഉപേക്ഷിച്ചാണ് കുസാറ്റിൽ പ്രവേശന പരീക്ഷ പാസായി ബിരുദ പഠനത്തിന് ചേർന്നത്.
ഇന്നലെ വൈകിട്ടും വീട്ടിലേക്ക് വിളിച്ച് സംസാരിച്ച അതുൽ ക്യാമ്പസിലുണ്ടായ അപകടത്തിൽ മരിച്ചെന്ന വിവരം രാത്രി വൈകിയാണ് കുടുംബം അറിഞ്ഞത്. കിഴകൊമ്പിലെ വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും ജനപ്രതിനിധികളുമടക്കം ഒട്ടേറെ പേർ അന്ത്യാഞ്ജലിയർപ്പിച്ചു. വീടിനടുത്ത് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. സോഫ്റ്റ്വെയർ എൻജിനിയറായ അജിനാണ് അതുലിന്റെ സഹോദരൻ.
അപകടത്തില്‍ മരിച്ച നാലുപേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
അതേസമയം കുസാറ്റ് അപകടത്തിൽ ചികിത്സയിൽ കഴിയുന്ന 24 പേരെ ഡിസ്ചാർജ് ചെയ്യാനും തീരുമാനിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐസിയുവിൽ കഴിയുന്ന മൂന്നുപേരിൽ ഒരാളെയും മാറ്റും. ഇവരുടെയെല്ലാം ആരോഗ്യനിലയിൽ പുരോഗതി ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ തീരുമാനം. 10 പേർ ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam