ഡോ. സി ജെ റോയ്, തന്‍റെ ആദ്യത്തെ കാറായ ഒരു പഴയ മാരുതി 800, പത്ത് ലക്ഷം രൂപ മുടക്കി തിരികെ വാങ്ങിയിരുന്നു. ബുഗാട്ടി ഉൾപ്പെടെയുള്ള ആഡംബര കാറുകൾ സ്വന്തമായുണ്ടെങ്കിലും ആ പഴയ മാരുതി നൽകുന്ന സന്തോഷം മറ്റൊന്നിനുമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ബെംഗളൂരു: ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകൾ സ്വന്തമായുള്ള ഒരാൾ, തുരുമ്പെടുത്ത് നശിക്കാറായ ഒരു പഴയ മാരുതി 800 പത്ത് ലക്ഷം രൂപ നൽകി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 10 ലക്ഷം രൂപ മാരുതി 800 സ്വന്തമാക്കാൻ മുടക്കിയ കോടീശ്വരൻ കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയ് ആയിരുന്നു. വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് മുമ്പുള്ള സി ജെ റോയിയുടെ ജീവിതമായിരുന്നു ആ കാർ. ഇപ്പോൾ സ്വയം വെടിയുതിടര്‍ത്ത് അദ്ദേഹം ജീവനൊടുക്കി എന്ന് വാർത്ത വരുമ്പോൾ തന്‍റെ പഴയ മാരുതി കാർ സ്വന്തമാക്കിയപ്പോഴുള്ള ഇൻസ്റ്റ പോസ്റ്റ് വലിയ നൊമ്പരമാവുകയാണ്.
1994ൽ തന്‍റെ 25-ാം വയസ്സിലാണ് സി.ജെ. റോയ് CKJ 3637 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ചുവന്ന മാരുതി 800 ആദ്യമായി വാങ്ങുന്നത്. അന്ന് 1.10 ലക്ഷം രൂപയായിരുന്നു അതിന്‍റെ വില. ഏതാനും വർഷങ്ങൾ ഉപയോഗിച്ച ശേഷം അദ്ദേഹം ആ കാർ വിറ്റു. പിന്നീട് ജീവിതത്തിൽ വലിയ വിജയങ്ങൾ തേടിയെത്തി. ബിസിനസ് സാമ്രാജ്യം വളർന്നതോടെ ബുഗാട്ടി വെയ്‌റോൺ, റോൾസ് റോയ്‌സ്, ലംബോർഗിനി തുടങ്ങി നിരവധി ആഡംബര കാറുകൾ അദ്ദേഹത്തിന്‍റെ ഗാരേജിലെത്തി.
തന്‍റെ ആദ്യത്തെ കാർ
എങ്കിലും തന്‍റെ ആദ്യ കാറിനെക്കുറിച്ച് അദ്ദേഹം എപ്പോഴും ഓർക്കുമായിരുന്നു. തന്‍റെ പഴയ മാരുതി 800 കണ്ടെത്തി നൽകുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ നവംബറിൽ ഇൻസ്റ്റാഗ്രാമിൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയുടെ കരുത്തിൽ വെറും ഒരാഴ്ചയ്ക്കുള്ളിൽ കാർ കണ്ടെത്തുകയും ചെയ്തു. നിലവിലെ ഉടമസ്ഥൻ കാർ ഉപേക്ഷിച്ച നിലയിലായിരുന്നു ആ മാരുതി. കാർ ഇപ്പോൾ ഓടുന്ന അവസ്ഥയിലല്ലെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് പത്ത് ലക്ഷം രൂപ നൽകി അദ്ദേഹം അത് സ്വന്തമാക്കി. 'എനിക്ക് ഇപ്പോൾ ബുഗാട്ടി വെയ്‌റോൺ ഉൾപ്പെടെയുള്ള കാറുകളുണ്ട്, പക്ഷേ ഈ മാരുതി 800 നൽകുന്ന സന്തോഷം മറ്റൊന്നിനുമില്ല' എന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്‍റെ പ്രതികരണം. ദുബായിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്‍റെ വാഹനശേഖരത്തിന്‍റെ ആകെ മൂല്യം ഏകദേശം 10 മില്യൺ ഡോളറിൽ അധികമാണെന്നാണ് കണക്കാക്കുന്നത്.


