
ഇടുക്കി: ഇടുക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് തുടങ്ങും. എറണാകുളം ക്രൈംബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇതിനിടെ സംഭവത്തിൽ നാല് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു.
ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലെത്തി സംഘം തെളിവെടുപ്പ് ആരംഭിക്കും. മരിച്ച രാജ് കുമാറിന്‍റെ സ്ഥാപനമായ ഹരിതാ ഫൈനാൻസിയേഴ്സിലും പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.
അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം നൽകാനാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ സംഭവത്തിൽ നാല് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റർ റോയ് പി വർഗീസ്, അസിസ്റ്റന്‍റ് റൈറ്റർ ശ്യാം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, ബിജു എന്നിവർക്കാണ് സസ്പെൻഷൻ. കൃത്യ നിർവഹണത്തിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാലിന്‍റേതാണ് നടപടി.
ഇതോടെ കേസിൽ സസ്പെൻഷനിൽ ആവുന്ന പൊലീസുകാരുടെ എണ്ണം എട്ടായി. ഒമ്പത് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ സ്വദേശി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് രാജ് കുമാറിന്‍റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam