പി പി മത്തായി മരിച്ചിട്ട് ഒരു വർഷം തികയുന്നു; ആരോപണ വിധേയരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് കുടുംബം

By Web TeamFirst Published Jul 28, 2021, 9:16 AM IST
Highlights

പ്രതി സ്ഥാനത്തുള്ള ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മത്തായി മരിച്ച ശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ പി പി മത്തായി മരിച്ചിട്ട് ഒരു വർഷം തികയുന്നു. സമരം ചെയ്ത് നേടിയെടുത്ത സിബിഐ അന്വേഷണത്തിൽ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാ‍ർ സ്വീകരിച്ചതെന്ന് ഭാര്യ ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

2020 ജൂൺ 28 വൈകീട്ട് നാല് മണി. കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പിപി മത്തായിയെ കസ്റ്റഡിയിലെടുത്തു. അഞ്ചര മണിക്കൂറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്ത വാർത്തയാണ്. ആരോപണങ്ങ‍ൾ മുഴുവൻ വനം വകുപ്പിനെതിരെ ആയിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേശഷൻ ഫോറസ്റ്റ് ഓഫീസറെയും സസ്പെന്‍റ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. ഒരു കൊല്ലത്തിനിപ്പുറം വീണ്ടും ഞങ്ങൾ മത്തായിയുടെ വീട്ടിലെത്തുമ്പോൾ നീതിക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം.

നിർണായക തെളിവുകൾ ശേഖരിച്ച സിബിഐ, അന്വേഷണം പൂർത്തിയാക്കി. സിബിഐ ആസ്ഥാനത്ത് നിന്ന് അനുമതി കിട്ടുന്ന മുറയ്ക്ക് കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം. പ്രതി സ്ഥാനത്തുള്ള ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മത്തായി മരിച്ച ശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്. വനത്തിൽ സ്ഥാപിച്ച ക്യാമറ തകർത്തെന്നാരോപിച്ചാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

click me!