
കണ്ണൂര്‍: സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടാക്കി പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ നീക്കാൻ ഒടുവിൽ വഴിയൊരുങ്ങുന്നു. കണ്ണൂരിൽ മണൽക്കടത്തിന് പിടികൂടിയ 400 വാഹനങ്ങൾ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. മാർച്ച് 30നകം മുഴുവൻ വാഹനങ്ങളും ലേലം ചെയ്ത് വിൽക്കും. പൊലീസ് സ്റ്റേഷനുകളിൽ കാലങ്ങളായി വാഹനങ്ങൾ കെട്ടിക്കിടന്ന് നശിക്കുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ 20 വർഷമായി കെട്ടിക്കിടക്കുന്ന ലോറികളടക്കമുള്ള വാഹനങ്ങൾ പരിശോധിച്ച് വിലയിട്ട് നടപടികൾ പൂർത്തിയാക്കി. വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എംഎസ്ടിസി കമ്പനിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ഇ-ലേലം വഴിയാണ് വിൽപ്പന. ജില്ലാ കളക്ടറും എസ് പിയും നൽകിയ പ്രത്യേക നിർദേശ പ്രകാരം സബ് കളക്ടർക്കാണ് ചുമതല. പ്രത്യേക സംഘം രൂപീകരിച്ച് മാസങ്ങൾ നീളുന്ന ദൗത്യം വഴിയാണ് സ്റ്റേഷനുകളിൽ കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങൾ ഒടുവിൽ ഒഴിവാക്കുന്നത്. കണ്ണൂരിൽ മാത്രം ഇത്തരത്തില്‍ 1200 വാഹനങ്ങളുണ്ട്.
മണലോട് കൂടി പിടികൂടിയ വാഹനങ്ങളിലെ മണൽ പ്രത്യേകം വിൽപ്പന നടത്തും. നിർമ്മിതി കേന്ദ്രത്തിനാണ് ഇത് നൽകുന്നത്. കഴിഞ്ഞ ഒറ്റദിവസം 27 വണ്ടികൾ ആർടിഒ പരിശോധിച്ച് വിലയിട്ടതിന്റെ ഇരട്ടി തുകയ്ക്കാണ് ലേലത്തിൽ പോയത് എന്നത് തന്നെ ഇവയുടെ മൂല്യം വ്യക്തമാക്കുന്നു. ഇതിന് പുറമെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നശിക്കാനിട വരുത്താതെ വേഗത്തിൽ വിട്ടു നൽകാൻ ഡിജിപി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. തൃശൂരിൽ നടന്ന കോൺഫറൻസിലും ഈ നിർദ്ദേശം കർശനമായി പാലിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരോട് ആവശ്യപ്പെട്ടു. കണ്ണൂരിൽ ആറ് മാസത്തിലധികം ഒരു വാഹനവും സ്റ്റേഷനിൽ കിടക്കാൻ ഇടവരാത്ത വിധമുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam