ഈന്തപ്പഴ വിതരണം: എം.ശിവശങ്കറിനെ 11 മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്

By Web TeamFirst Published Oct 9, 2020, 10:20 PM IST
Highlights

സ്വർണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് എം ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തത്. 

കൊച്ചി: എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ രാവിലെ 10.30-ഓടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി പത്ത് മണിയോടെയാണ് പൂർത്തിയായത്. 2017-ൽ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിലായിരുന്നു ചോദ്യം ചെയ്യൽ. കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യല്ലാണ് മണിക്കൂറുകൾ നീണ്ടത്. 

സ്വർണ്ണക്കളളക്കടത്തുമായി ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് എം ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തത്.  എം ശിവശങ്കറിന്‍റെ നി‍ർദേശ പ്രകാരമാണ് യു എഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കൽ. 

ഈന്തപ്പഴ വിതരണത്തിന്‍റെ മറവിൽ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. മാത്രവുമല്ല ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോകോൾ ലംഘനവും കസ്റ്റംസ് പരിശോധിക്കുന്നു. ഇതിനിടെ കളളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയിൽ ആവശ്യപ്പെട്ടു. 

പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് നിലപാട്. ഹർജിയിൽ വരുന്ന ചൊവ്വാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. ഇതിനിടെ എൻഫോഴ്സമെന്‍റ് നൽകിയ നോട്ടീസ് അനുസരിച്ചാണ് മന്ത്രി കെ ടി ജലീൽ സ്വത്തുവിവരങ്ങൾ കൈമാറിയത്. 

19.5 സെന്‍റ് സ്ഥലവും വീടും ഉണ്ടെന്നും 5 ലക്ഷം രൂപയുടെ ഭവന വായ്പ ഉണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. തനിക്കോ ഭാര്യയ്ക്കോ മക്കൾക്കോ  ഒരു തരി സ്വർണം പോലുമില്ല. ഭാര്യയുടെ കൈവശം 22 ലക്ഷം രൂപയും തന്‍റെ കൈവശം നാലരലക്ഷം രൂപയുമുണ്ട്. 5000 രൂപയുടെ ഷെയറുകളുമുണ്ട്. മന്ത്രിയായതിനുശേഷം  6 തവണ വിദേശ യാത്ര നടത്തിയെന്നും ജലീൽ എൻഫോഴ്സമെന്‍റിന് നൽകിയ മറുപടിയിലുണ്ട്

click me!