
കൊച്ചി : ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര മുൻസിപ്പൽ വൈസ് ചെയർമാൻ എ എ ഇബ്രാംഹിം കുട്ടിയെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ചോദ്യം ചെയ്തു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ കസ്റ്റംസ് റെയിഡ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകന് കള്ളക്കടത്തിൽ പങ്കാളിത്തമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലും പരിശോധനയും നടന്നത്. മകൻ ഷാബിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി പ്രതികരിച്ചു. മകന് സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ ഇല്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വർണം കടത്തിയതിന് പിന്നിൽ മൂന്നംഗ സംഘമാണെന്നാണ് നിഗമനം. സിനിമാ നിർമാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ്, തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവരാണ് ഇതിന് നേൃതൃത്വം നൽകിയിരുന്നത്. മൂവരും ചേർന്നാണ് സ്വർണക്കളളക്കടത്തിന് പണം മുടക്കിയതെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ത്യക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനായ ഷാബിൻ നഗരസഭയിലെ കരാറുകാരനായിരുന്നു. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വർണം വാങ്ങാനായി ഉയോഗിച്ചു. പ്രതികൾ മുമ്പും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയതായി സംശയിക്കുന്നതായും ബംഗലൂർ, മുംബൈ വിമാനത്താവളങ്ങളിലേക്കും അമ്പേഷണം വ്യാപിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
അതേ സമയം, സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടിക്കെതിരെ പ്രതിപക്ഷ കൗൺസിലർമാര്‍ പ്രതിഷേധിച്ചു. ഇബ്രാഹിംകുട്ടി മുൻസിപ്പൽ വൈസ് ചെയർമാൻ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്കുള്ളിലായിരുന്നു എൽഡിഎഫ്- ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. അഴിമതിക്ക് കൂട്ട് നിൽക്കുന്ന ചെയർ പേഴ്സൺ അജിത തങ്കപ്പൻ രാജിവയ്ക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. ചെയർ പേഴ്സണടക്കം ഭരണപക്ഷ കൗൺസിലർമാർ ആരും ഇന്ന് നഗരസഭയിലെത്തിയില്ല. കസ്റ്റംസ് ചോദ്യം ചെയ്യുന്ന നഗരസഭാ വൈസ് ചെയർമാൻ എഎ ഇബ്രാഹിം കുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പ്രതിഷേധക്കാരെ നഗരസഭ കവാടത്തിന് മുൻപിൽ പൊലീസ് തടഞ്ഞു. ഇബ്രാഹിം കുട്ടിയോട് രാജി ആവശ്യപ്പെടാൻ മുസ്ലിം ലീഗ് നേതൃത്വം തയാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam