സ്വർണക്കടത്ത് കേസ്: ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥനെ നാഗ്പൂരിലേക്ക് മാറ്റി

By Web TeamFirst Published Jul 30, 2020, 2:12 PM IST
Highlights

ഇടതുപശ്ചാത്തലമുളള കുടുംബത്തിൽ നിന്ന് വരുന്ന അനീഷ് ബി രാജിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു.

കൊച്ചി: വിമാനത്താവള സ്വർണക്കളളളളക്കടത്തുകേസിൽ ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്‍റ് കമ്മീഷണറെ അടിയന്തരമായി നാഗ്പൂരിലേക്ക് സ്ഥലം മാറ്റി. സംഭവം പുറത്തുവരാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും ഇടപെട്ടിട്ടില്ലെന്ന  ഉദ്യോഗസ്ഥന്‍റെ പരസ്യപ്രസ്ഥാവനക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. അന്വേഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് നാഗ്പൂരിലേക്കുളള നാടുകടത്തൽ.

വിമാനത്താവള സ്വർണക്കളളക്കടത്തുകേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് ബി രാജ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും കസ്റ്റംസിലേക്ക് വിളിച്ചില്ലെന്ന് മാധ്യമങ്ങളോട് പറ‍ഞ്ഞിരുന്നു. അനീഷിൻ്റെ ഈ പ്രതികരണമാണ് ഇപ്പോഴത്തെ നടപടിയ്ക്ക് ആധാരം. കളളക്കടത്ത് പിടികൂടിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ചിലർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നായിരുന്നു ആരോപണം. അങ്ങനെയാരും  വിളിച്ചിട്ടില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ  തുടക്കത്തിലേയുളള പരസ്യപ്രതികരണം വിമർശനങ്ങൾക്കും ഇടവെച്ചു. 

ഇടതുപശ്ചാത്തലമുളള കുടുംബത്തിൽ നിന്ന് വരുന്ന അനീഷ് ബി രാജിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ അന്വേഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥൻ പ്രത്യേക സംഘത്തിൽ തുടരുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് നാഗ്പൂരലിക്ക് അടിയന്തരമായി സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവിറങ്ങിയത്. കൊച്ചിയിലെ ചുമതലകളിൽ നിന്ന് ഉടൻ നീക്കണമെന്നും വരുന്ന പത്തിന് നാഗ്പൂരിൽ ചുമതലയേൽക്കണമെന്നുമാണ് നിർ‍ദേശം. 

ഇതിനിടെ വിമാനത്താവള കാർഗോ  ക്ലിയറൻസ് ഏജൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഹരിരാജിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുകയാണ്. കളളക്കടത്ത് പിടികുടിയതിനുപിന്നാലെ നയതന്ത്ര ബാഗ് വിടുവിക്കാൻ ഇയാളും ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. 
 

click me!