ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്, എംവിഡി സഹായമടക്കം തേടി

Published : Sep 26, 2025, 01:24 PM IST
 Luxury Cars Smuggled from Bhutan

Synopsis

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലെത്തിച്ച 150-ലേറെ ആഢംബര വാഹനങ്ങളിൽ 38 എണ്ണം മാത്രമാണ് കസ്റ്റംസിന് കണ്ടെത്താനായത്. ശേഷിക്കുന്നവ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. 

കൊച്ചി : ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്. കേരളത്തിൽ എത്തിച്ച 150ലേറെ വാഹനങ്ങളിൽ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്. വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതാണെന്നാണ് വിലയിരുത്തൽ. വാഹനങ്ങൾ കണ്ടെത്താൻ പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് ഫസ്റ്റ് ഓണർ ലാൻഡ് റോവർ പിടികൂടിയതിൽ, റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വാഹനയുടമ മാഹീൻ അൻസാരി ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. മാഹിന് കാർ കടത്തിലിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന കോയമ്പത്തൂർ റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. അനുകൂല തെളിവുകൾ ലഭിച്ചാൽ കടുത്ത തുടർ നടപടികൾ ഉണ്ടാകും. കാർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കൽ ഹാജരാക്കിയ കൂടുതൽ രേഖകൾ പരിശോധിക്കുകയാണ് കസ്റ്റംസ്.

കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ തുടരുന്നു

നികുതി വെട്ടിച്ച് കടത്തിയ ആഡംബരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ തുടരുകയാണ്. ഭൂട്ടാനിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ആഢംബര കാറുകൾക്ക് നൽകേണ്ട ഉയർന്ന ഇറക്കുമതി തീരുവയും റോഡ് നികുതിയും വെട്ടിക്കാനാണ് ഈ മാർഗ്ഗം ഉപയോഗിക്കുന്നത്. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങൾ ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. തട്ടിപ്പിന്‍റെ വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്.

ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് കടത്തുന്ന ഈ വാഹനങ്ങൾക്ക് ഇന്ത്യൻ ആർമി, വിദേശ എംബസികൾ എന്നിവയുടെ വ്യാജ സീലുകളും രേഖകളും ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യും. പിന്നീട് ഈ വാഹനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്ന് വിൽക്കുകയാണ് പതിവ്. നികുതി വെട്ടിപ്പിന് പുറമെ കള്ളപ്പണം വെളുപ്പിക്കൽ, സ്വർണ്ണ-മയക്കുമരുന്ന് കടത്ത് എന്നിവയുമായി ഈ റാക്കറ്റിന് ബന്ധമുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ശേഷിക്കുന്ന അനധികൃത വാഹനങ്ങൾ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി