
കൊച്ചി: ഡോളർ കടത്ത് കേസിലെ മൊഴിയെടുക്കലിനായി സ്പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ കസ്റ്റംസ് മുന്പാകെ ഹാജരാകാൻ കൊച്ചിയിലെത്തി. രാവിലെ പത്തിന് കസ്റ്റംസിന് മുന്നിൽ ഹാജരാകണമെന്നായിരുന്നു അയ്യപ്പന് കിട്ടിയ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു തവണ നോട്ടീസ് നൽകിയപ്പോഴും വിവിധ കാരണങ്ങൾ പറഞ്ഞ് അയ്യപ്പൻ ഒഴിഞ്ഞു മാറിയിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടിയിൽ ഉണ്ടായിരുന്നത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ തേടിയാണ് അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്.
അതേസമയം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയമായ പലപ്രഖ്യാപനങ്ങളും പ്രസംഗത്തിലുണ്ടാകും. സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എട്ടരക്ക് ചേരുന്ന യുഡിഎഫ് പാർലമെൻററി പാർട്ടി യോഗം തീരുമാനമെടുക്കും. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയമടക്കം ഈ സഭാ സമ്മേളനകാലയളവിൽ ചർച്ചക്ക് വരും. 15നാണ് ബജറ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam