ശിവശങ്കറിന്‍റെ ഫ്ലാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റഡിയില്‍ എടുത്തു; സെക്യൂരിറ്റിയുടെ മൊഴി രേഖപ്പെടുത്തി

By Web TeamFirst Published Jul 11, 2020, 1:18 PM IST
Highlights

സെക്രട്ടറിയേറ്റിന് സമീപം ശിവശങ്കർ താമസിക്കുന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ച് എന്തെങ്കിലും തരത്തിലുള്ള ഗൂഡാലോചന നടന്നോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്‍റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് എത്തി പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചര്‍ച്ച നടത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്. ഒരുവര്‍ഷമായി ശിവശങ്കര്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അതേസമയം വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു എം ശിവശങ്കറിന്‍റെ പ്രതികരണം. 

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‍ന സുരേഷും ശിവശങ്കറും തമ്മിലെ ബന്ധം ഇതിനകം തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ബന്ധം സ്വർണ്ണം കടത്താൻ ഉപയോഗിച്ചോ എന്നാണ് അറിയേണ്ടത്. സെക്രട്ടറിയേറ്റിന് സമീപം ശിവശങ്കർ താമസിക്കുന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ച് എന്തെങ്കിലും തരത്തിലുള്ള ഗൂഡാലോചന നടന്നോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും പങ്കെടുത്ത നിരവധി ചടങ്ങുകളിലെ സ്വപ്‍നയുടെ സാന്നിധ്യമുണ്ട്. ഒളിവിലുള്ള സ്വപ്‍നയുടെ ഉന്നതബന്ധങ്ങളിലേക്ക് കസ്റ്റംസ് കടന്നു എന്നാണ് ശിവശങ്കറിന്‍റെ ഫ്ലാറ്റിലെ പരിശോധന നൽകുന്നത്.

Read More: എം ശിവശങ്കറിന്‍റെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന; അന്വേഷണം നടക്കട്ടെയെന്ന് ശിവശങ്കര്‍

 

click me!