തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്‍റെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ പരിശോധന. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റില്‍ ഇന്നലെയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് എത്തി പരിശോധന നടത്തിയെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത്. 

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചര്‍ച്ച നടത്തിയതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ഒരുവര്‍ഷമായി ശിവശങ്കര്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അതേസമയം വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു എം ശിവശങ്കറിന്‍റെ പ്രതികരണം. 

റീബില്‍ഡ് കേരളയുടെ ഓഫീസ് ഈ ഫ്ലാറ്റില്‍ എടുത്തത് സംബന്ധിച്ച് നേരത്തെ വിവാദമുയര്‍ന്നിരുന്നു. സെക്രട്ടറിയേറ്റില്‍ സൗകര്യമുണ്ടായിട്ടും ലക്ഷങ്ങള്‍ വാടക നല്‍കി മറ്റൊരു ഫ്ലാറ്റില്‍  ഓഫീസ് എടുത്തതാണ് വിവാദമായത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ  മുഖ്യമന്ത്രി പുറത്താക്കിയത്. 

അതേസമയം തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ കസ്റ്റംസ് നീക്കം നടത്തുകയാണ്. സ്വർണ്ണക്കടത്തിൽ സ്വപ്നയുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇത് പിന്നീട് മാറ്റി പറയാതിരിക്കാനാണ് രഹസ്യ മൊഴിയെടുക്കുന്നതിന് തീരുമാനിച്ചത്. അടുത്തയാഴ്ച ഇതിനായി കസ്റ്റംസ് അപേക്ഷ നൽകും. 

കസ്റ്റംസ് ക്ലിയറിംഗ് ഏജന്‍റസ് അസോസിയേഷന്‍ പ്രസിഡന്‍റ് ഹരി രാജിന് സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകൽ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരി രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചുവെക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം.