കുടുതൽ കുരുക്കിലേക്ക്, ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

Published : Jan 29, 2021, 09:04 AM ISTUpdated : Jan 29, 2021, 01:18 PM IST
കുടുതൽ കുരുക്കിലേക്ക്, ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

Synopsis

ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികളുടെ മൊഴി.കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

കൊച്ചി: വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കറിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം. സ്പീക്കർക്കായുള്ള ചോദ്യാവലിയടക്കം തയ്യാറാക്കിക്കഴിഞ്ഞു. 

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് നടന്ന ഈ കടത്തിനെതിരെ കസ്റ്റംസ് പ്രത്യേകം കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസില്‍ നിർണായക വഴിത്തിരിവുണ്ടായത് സ്വപ്ന സുരേഷിനെയും സരിതിനെയും ജയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു.

അട്ടക്കുളങ്ങര ജയിലിൽ വെച്ച് സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ ഭരണഘടനാപദവി വഹിക്കുന്നവർക്കും ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും സര്ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷം മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയെടുത്തപ്പോഴും സമാനമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. ഗള്‍ഫ് മേഖലയില്‍ വിദേശമലയാളികല്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്പീക്കർ  പി ശ്രീരാമകൃഷ്ണൻ നിക്ഷേപം ഉണ്ടെന്നും ഡോളര്‍ കടത്തിന് ഇതുമായി ബന്ധമുണ്ടെന്നും പ്രതികൾ മൊഴി നല്കി. കസ്റ്റംസ് ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളാണ് സ്പീക്കർക്കെതിരെ നിർണായകമായി മാറിയത്. 

കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മിൽ നിന്ന് സ്പീക്കർ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തി. എന്നാൽ അതേ സമയം നയതന്ത്ര കള്ളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം  ഉപയോഗിച്ചിട്ടില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കസ്റ്റംസ് പറയുന്നു. 

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സ്പീക്കർ ഈ സിം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാർഡ് എടുക്കുമ്പോൾ തന്റെ കൈവശം തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ടാണ് നാസിന്റെ പേരിലുള്ള തിരിച്ചറിയാൽ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തതെന്നുമാണ് സ്പീക്കർ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സിം ഉപയോഗിക്കുന്നതെന്നും ഒരു പക്ഷേ സ്വപ്ന ഉൾപ്പെടെയുള്ള പ്രതികളെ താൻ വിളിച്ചിട്ടുണ്ടാകാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

ഇതടക്കമുള്ള നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വീക്കറെ ചോദ്യം ചെയ്യാനുള്ള തീരുമാനം. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കറെ കൊച്ചിയില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് കസറ്റംസ് കരുതുന്നു. ഈ സാഹചര്യത്തില്‍ ആദ്യം സ്പീക്കറെ അനൗദ്യോഗികമായി കണ്ട് അദ്ദേഹത്തിന്‍റെ ഭാഗം കേൾക്കാനാണ് നിലവിലെ തീരുമാനം. പ്രതികളുടെ  മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാല്‍ പിന്നീട് ഔദ്യോഗിക നടപടികളിലേക്ക് കടക്കും. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്‍റീവിലെ  ഉദ്യോഗസ്ഥരാണ് സ്പീക്കറുടെ മൊഴിയെടുക്കുക. കേസുമായി ബന്ധപ്പെട്ട സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുളള എന്ന നാസറിനെ കസ്റ്റംസ് അടുത്തിടെ ചോദ്യം ചെയ്തിരുന്നു.നാസറിന്‍റെ പേരിലെടുത്ത സിം കാര്‍ഡ് സ്പീക്കര്‍ ഉപയോഗിച്ചിരുന്നു. ഈ സിംകാർഡിൽ നിന്ന് പ്രതികളെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും