യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കൊണ്ടുവന്ന സംഭവം; സംസ്ഥാന സര്‍ക്കാരിനോട് കസ്റ്റംസ് വിവരങ്ങള്‍ തേടും

By Web TeamFirst Published Sep 19, 2020, 8:21 AM IST
Highlights

2016 ഒക്ടോബർ മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോൺസുലേറ്റിന്‍റെ പേരിൽ വന്നെന്നാണ് വേ ബിൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമായത്

കൊച്ചി: ദുബായില്‍ നിന്നും യുഎഇ കോണ്‍സുലേറ്റിലേക്ക്  ഈന്തപ്പഴം  കൊണ്ടു വന്ന സംഭവവും  പ്രത്യേകം അന്വേഷിക്കാന്‍ കസ്റ്റംസ്. ഇക്കാര്യത്തില്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും കസ്റ്റംസ് വിവരം തേടും. ഈന്തപ്പഴം കൊണ്ടുവന്നതില്‍ ചട്ടലംഘനം ഉണ്ടായോ എന്നാണ്  കസ്റ്റംസ് സമാന്തരമായി അന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണത്തോടൊപ്പമാണ് പ്രത്യേകം കേസെടുത്ത്  നയന്ത്ര ബാഗേജുവഴി എത്തിച്ചതിനെക്കുറിച്ച്  കസ്റ്റംസ് അന്വേഷിക്കുന്നത്.  

കോണ്‍സല്‍ ജനറലിനായി  നാല് വര്‍ഷത്തിനുള്ളില്‍ 17000 കിലോ ഈന്തപ്പഴം  തീരുവ  ഒഴിവാക്കി എത്തിച്ചതിലെ അസ്വാഭാവികതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വന്തം ആവശ്യത്തിന്  വിദേശത്തു നിന്ന് നികുതി ഇളവു ചെയ്ത് കൊണ്ടുവന്നവ പുറത്ത് നല്‍കരുതെന്നാണ് ചട്ടം.  അഥവാ  പുറത്തു വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതി നല്‍കണം. കസ്റ്റംസ് ആക്ടിന്‍റെയും വിദേശ  നാണ്യ വിനിമയ ചട്ടത്തിന്‍റെയും ലംഘനം ഇക്കാര്യത്തില്‍ നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അനുമാനം. 

നിലവില്‍ കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കോണ്‍സല്‍ ജീവനക്കാരുടേയും സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്‍റെയും വിശദീകരണം  ലഭിച്ച ശേഷമേ തുടര്‍ നടപടി  ഉണ്ടാകു. കോണ്‍സുലേറ്റിലേക്ക് വരുന്ന നയതന്ത്ര ബാഗേജുകള്‍ക്ക് നികുതിയിളവ് നല്‍കാന്‍ കത്ത് നല്‍കേണ്ട ചുമതല പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കാണ്. എന്നാല്‍  സമീപ നാളുകളില്‍ കോണ്‍സുലേറ്റില്‍  നിന്നും നികുതി ഒഴിവാക്കി  നല്‍കാന്‍ ആവശ്യം വന്നിരുന്നില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം നേരത്തെ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍സുലേറ്റിന്‍റെ വിശദീകരണം പ്രധാനമാണെന്നാണ് കസ്റ്റംസിന്‍റെ നിലപാട്.


 

click me!