
കൊല്ലം: മാസങ്ങൾക്ക് മുൻപ് അന്തരിച്ച മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജൻ്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗ്യക ബഹുമതി നൽകത്തതിൽ വിവാദം പുകയുന്നു. ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിർന്ന രാഷ്ട്രീയ നേതാവിന്റെ മരണാനന്തര ചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനാലാണ് ആചാരവെടി നൽകാത്തത് എന്നായിരുന്നു പൊതുഭരണ വകുപ്പിൻ്റെ മറുപടി. വിവരാവകാശ അപേക്ഷയ്ക്കാണ് സർക്കാർ മറുപടി നൽകിയത്. സി വി പത്മരാജനോട് അനീതി കാണിച്ചെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
ഭരണഘടനാ പദവികളോ മറ്റ് ഉന്നത പദവികളോ വഹിച്ചിരുന്നവർ അന്തരിക്കുമ്പോൾ അന്തിമോപചാരമായി ഔദ്യോഗിക ബഹുമതികളും പുറമേ ആചാരവെടിയും നൽകാറുണ്ട്. ഇതിന് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശം വേണം. സി വി പത്മരാജന്റെ അന്തിമോപചാര ചടങ്ങിൽ ബ്യൂഗിൾ വാദനത്തോടെ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ മാത്രമേ ഉണ്ടായുള്ളൂ. ആചാരവെടി മുഴക്കിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രത്യേക ഉത്തരവ് ലഭിച്ചില്ലും അതിനാലാണ് ആചാരവെടി മുഴക്കാതിരുന്നത് എന്നുമാണ് ഇതുസംബന്ധിച്ച വിവരാവകാശ നിയമം പ്രകാരമുള്ള ചവറ ഗോപകുമാറിന്റെ ചോദ്യത്തിന് പൊതുഭരണ വകുപ്പ് നല്‍കിയ മറുപടി. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. സർക്കാർ സമീപനം പ്രതിഷേധാർഹമെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ വിമര്‍ശിച്ചു. വിവേചനത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു.