
പാലക്കാട്: കരിമ്പയിൽ സദാചാര ആക്രമണത്തിൽ സ്‌കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സിഡബ്ല്യുസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിക്രമം ഉണ്ടായെന്ന് ഉറപ്പായാല്‍ സിഡബ്ല്യുസി കേസെടുക്കാന്‍ നിര്‍ദേശം നല്‍കും. കരിമ്പയിൽ ബസ് സ്റ്റോപ്പില്‍ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിൻ്റെ പേരിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവം ഏറെ ഗൗരവത്തോടെയാണ് സിഡബ്ല്യുസി കാണുന്നത്. എന്താണ് സംഭവിച്ചത് എന്നതിൻ്റെ കൃത്യമായ റിപ്പോർട്ട് നൽകാൻ ഡിസ്ട്രിക്ട് ചൈല്‍ഡ്‌സ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കല്ലടിക്കോട് എസ്എച്ച്ഒയോടും നിർദേശം നൽകി.
നാളത്തെ സിറ്റിംഗില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ചൈൽഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ എം വി മോഹനന്‍ അറിയിച്ചു. അതേസമയം സദാചാര ആക്രമണത്തിൽ കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് വിദ്യാർത്ഥികളുടെ കുടുംബത്തിൻ്റെ തീരുമാനം. പൊലീസ് തുടക്കത്തിൽ ഒത്തു തീർപ്പിന് ശ്രമിച്ചു. കുട്ടികൾക്ക് നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് ഭയമുണ്ട്. കുട്ടികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മണ്ണാർക്കാട് ബസ് സ്റ്റോപ്പില്‍ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിൻ്റെ പേരിലാണ് വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചത്. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്നു 5 പെൺകുട്ടികളും 5 ആൺകുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകൻ്റെ മുന്നിലിട്ടാണ് കുട്ടികളെ തല്ലിച്ചതച്ചത്. തടയാൻ ശ്രമിച്ച അധ്യാപകനെ തള്ളി മാറ്റി. നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആക്രമണത്തിന്‍റെ പേരിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവം ഉണ്ടായി രണ്ട് ദിവസമായിട്ടും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ബസ് സ്റ്റോപ്പിന്‍റെ ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Read Also : വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam