ഓൺലൈൻ ക്ലാസ്സിനിടെ സാമൂഹ്യവിരുദ്ധരുടെ അശ്ലീലപ്രദർശനം: അന്വേഷണം വൈകുന്നു, പൊലീസിനെതിരെ സിഡബ്ല്യുസി

By Web TeamFirst Published Aug 27, 2020, 9:33 AM IST
Highlights

മലപ്പുറം കുറ്റിപ്പുറത്തെ സ്വകാര്യസ്കൂളിലെ ഓൺലൈൻ പഠനത്തിനിടെയാണ് സംഭവം ഉണ്ടായത്. യു പി സ്കൂൾ കുട്ടികളുടെ പഠനക്ലാസിനിടെയാണ് സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറി അശ്ലീല കമന്റിടുകയും ന​ഗ്നചിത്രം പ്രദർശിപ്പിക്കുകയും ചെയ്തത്. 

മലപ്പുറം: കുട്ടികളുടെ ഓൺലൈൻ പഠനക്ലാസ്സിനിടെ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറി അശ്ലീല പ്രദർശനം നടത്തിയ സംഭവത്തിൽ പൊലീസ് നടപടി വൈകുന്നതായി ആക്ഷേപം. അന്വേഷണത്തില്‍  പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ബാലക്ഷേമ സമിതി ആരോപിച്ചു. ബാലാവകാശ കമ്മീഷനും ഡി.ജി.പിക്കും പരാതി നല്‍കുമെന്നും ബാലക്ഷേമ സമിതി ചെയർമാൻ അഡ്വ ഷാജേഷ് ഭാസ്ക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മലപ്പുറം കുറ്റിപ്പുറത്തെ സ്വകാര്യസ്കൂളിലെ ഓൺലൈൻ പഠനത്തിനിടെയാണ് സംഭവം ഉണ്ടായത്. യു പി സ്കൂൾ കുട്ടികളുടെ പഠനക്ലാസിനിടെയാണ് സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറി അശ്ലീല കമന്റിടുകയും ന​ഗ്നചിത്രം പ്രദർശിപ്പിക്കുകയും ചെയ്തത്. സൂം കോൺഫറൻസ്,ഗൂഗിള്‍ മീറ്റ് എന്നിവ വഴി നടത്തുന്ന ഓൺലൈൻ പഠനക്ലാസിനായി സ്കൂള്‍ അധികൃതര്‍ നല്‍കുന്ന  ഐഡി ചോര്‍ത്തിയടുത്തായിരുന്നു നുഴഞ്ഞുകയറ്റവും അശ്ലീല പ്രചാരണവും. ശനിയാഴ്ച്ച സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതി അന്നുതന്നെ ബാലക്ഷേമ സമിതി പൊലീസിനു കൈമാറി. പക്ഷേ സംഭവത്തിന്‍റെ ഗൗരവത്തിനനുസരിച്ചുള്ള ഇടപെടല്‍  പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ബാലക്ഷേമ സമിതി കുറ്റപെടുത്തി. സംഭവം കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്ന് ബാലക്ഷേമ സമിതി പറയുന്നു.

സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞ് ഇന്നലെയാണ് പൊലീസ് എഫ്.ഐ.ആര്‍ തന്നെ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍  വീഴ്ച്ചയുണ്ടായിട്ടില്ലെന്നും  സൈബര്‍സെല്‍ അന്വേഷിച്ചുവരികയാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.


Read Also: ദേശീയപാത ബൈപ്പാസിലെ പാലം തകർന്നത് ശ്രദ്ധക്കുറവിനാലെന്ന് റിപ്പോർട്ട്

 

click me!