മുഖ്യമന്ത്രിയുടെ രാജി തേടി യുഡിഎഫ്; 21000 വാർഡുകളില്‍ സത്യഗ്രഹം, വടക്കാഞ്ചേരിയിൽ ചെന്നിത്തല

By Web TeamFirst Published Aug 27, 2020, 9:29 AM IST
Highlights

സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ അഴിമതികള്‍ എന്നിവ സിബിഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിച്ച സംഭവം എന്‍ഐഎ.അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധം.

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിക്കെതിരെ യുഡിഎഫ് നേതൃത്വത്തിൽ സത്യഗ്രഹ സമരം ആരംഭിച്ചു. സംസ്ഥാനത്തെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളിലാണ് സമരം. സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ വടക്കാഞ്ചേരി ടൗണ്ണില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിൽ സ്പീക്കർ കാണിക്കുന്നത് പ്രതിപക്ഷത്തോടുള്ള പകയാണെന്നും സഭയെ അപമാനിച്ചെന്നും ചെന്നിത്തല ആരോപിച്ചു. സ്പീക്കർക്ക് എതിരെ പ്രമേയം കൊണ്ടുവന്നതിന്‍റെ പകയാണ് കാണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നേമുക്കാൽ മണിക്കൂർ പ്രസംഗിച്ചിട്ടും സ്പീക്കര്‍ ഇടപ്പെട്ടില്ല. അതേ സമയം താൻ  20 മിനിറ്റ് പ്രസംഗിക്കുന്നതിനിടെ സ്പീക്കർപലതവണ ഇടപ്പെട്ടുവെന്നും സ്പീക്കറുടേത് വിവേചനമാണെന്നും അദ്ദേഹം ആരോപിച്ചു. 

സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ അഴിമതികള്‍ എന്നിവ സിബിഐ. അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിച്ച സംഭവം എന്‍ഐഎ.അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധം നടക്കുന്നത്. 

ലൈഫ് മിഷൻ ആരോപണവിധേമായ വടക്കാഞ്ചേരി ഫ്ലാച്ച് സമുച്ചയം രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. യുഡിഎഫ് കൺവീനര്‍ ബെന്നിബെഹ്നാൻ, രമ്യാഹരിദാസ് എംപി, അനിൽ അക്കരെ എംഎൽഎ തുടങ്ങിയ കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. 

 

click me!