
തിരുവല്ല: പത്തനംതിട്ട സിപിഎമ്മിലെ സൈബർ പോരിൽ ഒടുവിൽ പൊലീസ് കേസും. ആറന്മുളയുടെ ചെമ്പട എന്ന ഫേസ്ബുക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നവർക്കെതിരെയാണ് തിരുവല്ല പുളിക്കീഴ് പൊലീസ് കേസ് എടുത്തത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. സനൽ കുമാർ ആണ് പരാതിക്കാരൻ. 'കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി' എന്ന തലക്കെട്ടോടെ പ്രചരണം നടത്തി. സനൽകുമാർ ആരോഗ്യമന്ത്രിക്കെതിരാണെന്നു ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് എഫ്‌ആറിൽ പറയുന്നത്. കലാപശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആറന്മുള സീറ്റ് ലക്ഷ്യമിട്ട് സനൽകുമാർ വീണ ജോർജിനെതിരെ നീക്കങ്ങൾ നടത്തുന്നു എന്നായിരുന്നു ചെമ്പടയുടെ പ്രധാന ആരോപണം. വീണ ജോർജ്ജിനെ അനുകൂലിച്ചും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാറിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയും സൈബർ പോര് രൂക്ഷമായതിന് പിന്നാലെയാണ് സനൽകുമാർ തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നൽകിയത്
മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവരെ ടാഗ് ചെയ്താണ് ആറന്മുളയുടെ ചെമ്പട എന്ന പേജിൽ സനല്‍കുമാറിനെതിരായ വിമർശനങ്ങൾ വന്നിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം