
കൊച്ചി: വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കൊച്ചിയിലും കേരളാ പൊലീസിന്‍റെ സൈബർ ഡോം സജ്ജമായി. പ്രത്യേക പരിശീലനം ലഭിച്ച 20 പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ സ്വകാര്യ മേഖലയിലെ സൈബർ വിദഗ്ദരും പദ്ധതിയുടെ ഭാഗമാകും. അനുദിനം വളരുന്ന ഡിജിറ്റൽ ലോകത്ത് സൈബർ കുറ്റകൃത്യങ്ങളും വർധിച്ചു വരുകയാണ്. ഇവയുടെ അന്വേഷണം പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ഇത് ഒഴിവാക്കാനും സൈബർ കുറ്റകൃത്യങ്ങൾ തടയാനുമുള്ള കേരള പൊലീസിന്‍റെ പദ്ധതിയാണ് സൈബർ ഡോം. കാക്കനാട് ഇൻഫോ പാർക്കിലാണ് സൈബർ ഡോം കൊച്ചി പ്രവർത്തനം തുടങ്ങുക. ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 30 ശതമാനവും സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നവയാണെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു.
പ്രത്യേക പരിശീലനം ലഭിച്ച 20 പൊലീസ് ഉദ്യോഗസ്ഥരാണ് സൈബർ ഡോം കൊച്ചി ടീമിലുള്ളത്. ഇവർക്ക് പുറമേ സ്വകാര്യ മേഖലയിൽ നിന്നുള്ള സൈബർ വിദഗ്ദരും പദ്ധതിയുമായി സഹകരിക്കും. സൈബർ തട്ടിപ്പുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി സ്കൂളുകളിൽ സൈബർ സെക്യൂരിറ്റി ക്ലബുകൾ രൂപീകരിക്കും. നിലവിൽ ജില്ലയിലെ 125 സ്കൂളുകളിൽ ക്ലബുകൾ ആരംഭിച്ചു കഴിഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനായി മൊബൈൽ ആപ്പും ഉടൻ പുറത്തിറക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam