
നാഗ്പൂർ : നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം അത്യാസന്ന നിലയിൽ ആശുപത്രിയിൽ. ആലപ്പുഴ സ്വദേശിയായ നിദ ഫാത്തിമയെന്ന പത്ത് വയസുകാരിയെയാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മത്സരത്തിൽ പങ്കെടുക്കാനായി നാഗ്പൂരിലെത്തിയ കേരളാ താരങ്ങൾ കടുത്ത അനീതിയാണ് നേരിടുന്നതെന്നാണ് വിവരം. ടീമിനെ താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. കോടതി ഉത്തരവോടെ എത്തിയ ടീമിനോടാണ് കടുത്ത അനീതി. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നുമുള്ള വിചിത്ര നിലപാടിലാണ് ഫെഡറേഷൻ. താൽക്കാലികമായി മോശം സാഹചര്യത്തിൽ കഴിയേണ്ടി വന്നതോടെയാണ് പത്ത് വയസുകാരിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.