ബുറെവി ചുഴലിക്കാറ്റ് രൂപം കൊണ്ടു, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

By Web TeamFirst Published Dec 1, 2020, 8:54 PM IST
Highlights

പ്രവചനാതീതമാണ് ബുറെവി ചുഴലിക്കാറ്റിന്‍റേതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ചുഴലിക്കാറ്റ് ദുർബലമാകാനും ശക്തിയാർജിക്കാനും അനുകൂലഘടകങ്ങളുള്ളതിനാൽ അതീവജാഗ്രത പാലിക്കാനാണ് തീരുമാനം.

തിരുവനന്തപുരം/ ദില്ലി: ബംഗാൾ ഉൾക്കടലിൽ 'ബുറെവി' ചുഴലിക്കാറ്റ് രൂപം കൊണ്ടു. 'ബുറെവി' ഡിസംബർ 4-ന് പുലർച്ചെ കന്യാകുമാരിക്കും പാമ്പൻ കടലിടുക്കിനും ഇടയിലൂടെ കടന്നു പോകുമെന്നാണ് നിലവിലെ വിലയിരുത്തൽ. കേരളത്തിന്‍റെ തെക്കൻ ഭാഗങ്ങളിലും, തമിഴ്നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്‍റെ തീരമേഖലകളിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. 

ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ബുറെവി എന്ന ഈ ചുഴലിക്കാറ്റിന്‍റെ നിലവിലുള്ള വേഗം ഏതാണ്ട് മണിക്കൂറിൽ 80 കിലോമീറ്ററോളമാണ്. ഈ ചുഴലിക്കാറ്റിന്‍റെ ഗതി ഇപ്പോഴും പൂർണമായും പ്രവചിക്കാനാവുന്നതല്ല. വരുന്ന ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ ശ്രീലങ്കൻ തീരപ്രദേശമായ ട്രിൻകോമാലീയിലൂടെ സഞ്ചരിച്ച്, ഇന്ത്യൻ തീരത്തേയ്ക്ക് അടുക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. 

നവംബർ 25-ന് കാരയ്ക്കൽ പുതുച്ചേരി തീരപ്രദേശത്തിനിടെ തീരംതൊട്ട നിവാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് മറ്റൊരു ചുഴലിക്കാറ്റിന്‍റെ വരവിനായി ഇന്ത്യൻ തീരം തയ്യാറെടുക്കുന്നത്. 2020-ൽ മാത്രം ഇതുവരെ ഇന്ത്യൻ തീരത്തിലൂടെ കടന്ന് പോയത് മൂന്ന് ചുഴലിക്കാറ്റുകളാണ്. മെയ് മാസത്തിൽ ആദ്യമെത്തിയത് സൂപ്പർ സൈക്ലോൺ ഗണത്തിൽപ്പെടുത്താവുന്ന ഉംപുണാണ്. അതിന് ശേഷം തീവ്രചുഴലിക്കാറ്റെന്ന ഗണത്തിൽപ്പെടുത്താവുന്ന നിസർഗ ജൂൺ മാസത്തിൽ ഇന്ത്യൻ തീരത്തിലൂടെ കടന്നുപോയി. ബുറെവി ഇന്ത്യൻ തീരത്തേയ്ക്ക് അടുക്കുന്ന നാലാം ചുഴലിക്കാറ്റാണ്. 

കേരളത്തിൽ ശ്രദ്ധിക്കേണ്ടത്

തെക്കൻ തമിഴ്നാട്ടിലും, തെക്കൻ കേരളത്തിലും അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ റെഡ്, ഓറ‌ഞ്ച്, യെല്ലോ അലർട്ടുകൾ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കടലിൽ മീൻ പിടിക്കുന്നതിൽ പൂർണമായ വിലക്കേർപ്പെടുത്തും. പുറംകടലിലുള്ള എല്ലാ മത്സ്യത്തൊഴിലാളികളോടും തിരികെയെത്താൻ നിർദേശിച്ചിട്ടുണ്ട്. രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടായേക്കാം. 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത. 
തിരുവനന്തപുരത്തടക്കം മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. മറ്റ് ജാഗ്രതാ നിർദേശങ്ങളും അതേപടി നിലനിൽക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിസംബർ 3-ന് റെഡ് അലർട്ടായിരിക്കും. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായുള്ള പ്രീ സൈക്ലോൺ വാച്ച് മുന്നറിയിപ്പും സംസ്ഥാനത്ത് നിലനിൽക്കുന്നു. 

കക്കി ഡാം, കല്ലട ഡാം, നെയ്യാർ റിസർവ്വോയർ എന്നിവിടങ്ങളിൽ പരമാവധി ജാഗ്രത പാലിക്കാൻ കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. അതിതീവ്ര മഴയിൽ ഇവ കവിഞ്ഞൊഴുങ്ങുന്നതും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതുമായ സാഹചര്യം മുന്നിൽ കാണണം. ശബരിമല തീർത്ഥാടന കാലം കണക്കിലെടുത്ത് മണിമലയാറ്റിലും അച്ചൻകോവിൽ ആറ്റിലും പമ്പയിലും ജാഗ്രതയ്ക്ക് നിർദേശം നൽകിയിട്ടുമുണ്ട്. 

ബുറെവിയുടെ സഞ്ചാരപഥം:

click me!