
തൃശൂര്‍: മറ്റത്തൂരില്‍ ഇന്നലെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശം. അയ്യായിരത്തിലേറെ കുലച്ച ഏത്തവാഴകകളും ഏക്കറ് കണക്കിന് ജാതികൃഷിയും നശിച്ചു. വിള ഇന്‍ഷുറന്‍സും കൃഷിവകുപ്പിന്‍റെ ധന സഹായവും വേഗത്തിലാക്കുമെന്ന് സ്ഥലത്തെത്തിയ കൃഷി ഓഫീസര്‍ പറഞ്ഞു.
മറ്റത്തൂര്‍ പഞ്ചായത്തിന്‍റെ കിഴക്കന്‍ മലയോരമായ കോപ്ലിപ്പാടത്തെ 37 സെന്‍റിലെ വാഴത്തോപ്പില്‍ പണിയെടുക്കുകയായിരുന്നു രാധയും ഭര്‍ത്താവും . കാറ്റ് ആഞ്ഞു വീശിയതോടെ ഹൃദ്രോഗിയായ ഭര്‍ത്താവിനെയുംകൊണ്ട് രാധ പാടത്തിന്‍റെ കരയിലേക്ക് ഓടിക്കയറി.കുലച്ചതും കുലയ്ക്കാറായതുമായ നാനൂറ് വാഴകളാണ് ഇവര്ക്കുണ്ടായത്.
അരമണിക്കൂര്‍ നീണ്ടു നിന്ന ചുഴലിക്കാറ്റും പേമാരിയും കൃഷി മുഴുവന്‍ തകര്‍ത്തെറിഞ്ഞു. തൊട്ടടുത്ത ഉണ്ണികൃഷ്ണന് നഷ്ടമായത് 250 ഏത്തവാഴ. മോളിക്കുണ്ടായിരുന്നത് നാനൂറ് വാഴ. പ്രദേശത്തെ ജാതിയും കമുകും തെങ്ങും കടപുഴകി. കോപ്ലിപ്പാടത്തും കൊടുങ്ങയിലും പോത്തന്‍ചിറയിലും മാവിന്‍ ചുവടിലും കുറിഞ്ഞിപ്പാടത്തും നട്ടതെല്ലാം നഷ്ടപ്പെട്ട കര്‍ഷകര്‍ അഞ്ഞൂറിന് മുകളില്‍ വരും. പഞ്ചായത്തും കൃഷി വകുപ്പും കണക്കെടുപ്പ് തുടങ്ങി. മക്കളുടെ പഠിപ്പും അന്നന്നത്തെ ചെലവും ലോണും ഒക്കെ കണക്കു കൂട്ടി നട്ടു വളര്‍ത്തിയതാണ് വാഴകൾ കടപുഴകിയത്. കാലതാമസം കൂടാതെ ധനസഹായം കിട്ടാനുള്ള വഴിയുണ്ടാക്കണമെന്ന് സര്‍ക്കാരിനോട് കര്‍ഷകര്‍ അപേക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam