
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്ര തീരത്തുനിന്ന് വടക്ക് കിഴക്കൻ ദിശയിൽ അകന്ന് പോകുന്നൂവെന്നാണ് പ്രവചനം. കേരളത്തെ ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും കനത്ത മഴക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫോനി ചുഴലിക്കാറ്റ് ഇന്ന് മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വേഗം കൈവരിച്ച് വടക്കു കിഴക്കൻ ദിശയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. പാത മാറിയതിനാല്‍ തമിഴ്നാട്, ആന്ധ്ര തീരത്ത് ചുഴലിക്കാറ്റ് അടുക്കില്ല. കേരളം ചുഴലിക്കാറ്റിന്‍റെ പരിധിയില്‍ ഇല്ലെങ്കിലും ഫോനിയുടെ സ്വാധീനം നിമിത്തം പലയിടങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. പാലക്കാട് , മലപ്പുറം , കോഴിക്കോട്, വയനാട്, എറണാകുളം , ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇന്നും നാളെയും തെക്ക്-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും തെക്ക്-പടിഞ്ഞാറ് ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പ് മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയവരോട് തിരികെ എത്താനും നിര്‍ദേശം നല്‍കി. മലയോര മേഖലയിലേക്ക് രാത്രി യാത്ര ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam