
കൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിൽ കൂടുതൽ വൈദികരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഒരു വിഭാഗം വൈദികർ സിനഡിൽ അവതരിപ്പിച്ച രേഖകളുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. രേഖകൾ വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി രഹസ്യ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങൾ ഇടപാട് നടത്തിയതായി ആരോപിക്കുന്ന രേഖകൾ വ്യാജമെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. ഇതേ തുടർന്നാണ് ഈ രേഖകൾ ആദ്യം അപോസ്തോലിക് അഡ്മിനിസ്ട്രേറ്റർക്ക് കൈമാറിയ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാടിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന്‍റെ തീരുമാനം. രേഖകൾ എവിടെ നിന്നാണ് ഫാദർ പോൾ തേലക്കാട്ടിന് ലഭിച്ചതെന്നാണ് അറിയേണ്ടത്. ഇദ്ദേഹത്തിന്‍റെ അറിവോടെയാണോ രേഖകൾ ഉണ്ടാക്കിയതെന്നും അന്വേഷിക്കും.
തേലക്കാട് നൽകിയ രേഖകൾ സിനഡിന് മുൻപാകെ ഹാജരാക്കിയ അഡ്മിനിസ്ട്രേറ്ററർ ജേക്കബ് മാനന്തോടത്തിനെയും മൊഴി എടുക്കും. ചോദ്യം ചെയ്യേണ്ട പത്ത് വിമത വൈദികരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കർദ്ദിനാൾ വിരുദ്ധ നിലപാടുള്ള ചില സംഘടനാ നേതാക്കളിൽ നിന്നും മൊഴിയെടുക്കും. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്ലബ്ബ് മെബർഷിപ്പിനായി കർദ്ദിനാൾ ഉൾപ്പെടെയുള്ള ചില ബിഷപ്പുമാർ പണം കൈമാറിയെന്ന ആരോപണം സിനഡിന് മുൻപെ തന്നെ പല യോഗങ്ങളിലും ചില വൈദികർ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ അറിയുന്നതിന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വൈദികരെയും ചോദ്യം ചെയ്യുന്നത്.
സഭാ നേതൃത്വത്തിനെതിരായ വ്യാജ രേഖ ആരോപണത്തിൽ കർദ്ദിനാൾ വിരുദ്ധ പക്ഷത്തിന്‍ പങ്കുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. കർദ്ദിനാളിന് വേണ്ടി സഭാ വൈദിനായ ജോബി മാപ്രക്കാവിലാണ് പരാതി നൽകിയത്. ഇരുവരെയും പ്രതിയാക്കിയതിനെതിരെ ഫാദർ പോൾ തേലക്കാടും,ബിഷപ്പ് ജേക്കബ് മാനന്തോടത്തും ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇരുവരെയും അനാവശ്യമായ ബുദ്ധിമുട്ടിക്കരുതെന്ന് പരാമർശിച്ച കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തയ്യാറായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam